ന്യൂഡല്‍ഹി: കല്യാൺ ചൗബേ, 90 കളില്‍ തുടങ്ങി ദീർഘകാലം ഇന്ത്യൻ ആഭ്യന്തര ടൂർണമെന്‍റുകളിലെ സൂപ്പർ താരം. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരുടെ പട്ടികയില്‍ മുൻനിരയില്‍ സ്ഥാനം. ബംഗാളില്‍ നിന്നുള്ള ബിജെപി നേതാവും ഇന്ത്യൻ മുൻ ഫുട്‌ബോൾ താരവുമായ കല്യാൺ ചൗബേ ഇനി ഇന്ത്യൻ ഫുട്‌ബോളിനെ നയിക്കും.
ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍റെ 85 വർഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു കായിക താരം, അതും ഫുട്‌ബോൾ താരം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സമകാലികനും ഈസ്റ്റ് ബംഗാളില്‍ ഒന്നിച്ചു കളിക്കുകയും ചെയ്‌ത ഇന്ത്യൻ ഫുട്‌ബോൾ ടീം നായകനും എക്കാലത്തെയും മികച്ച മുന്നേറ്റ താരവുമൊക്കെയായ ബൈചുങ് ബൂട്ടിയയെ വൻ മാർജിനില്‍ പരാജയപ്പെടുത്തിയാണ് കല്യാൺ ചൗബേ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഫിഫയുടെ ഇടപെടലും വിലക്കും മറികടക്കാൻ തെരഞ്ഞെടുപ്പ് തീരുമാനിച്ചപ്പോൾ ഇന്ത്യയിലെ ഫുട്‌ബോൾ ആരാധകരെ സംബന്ധിച്ച് സന്തോഷം പകരുന്ന വാർത്തയായിരുന്നു അത്. രാഷ്‌ട്രീയക്കാർ ഭരിച്ചുവന്ന അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് രണ്ട് ഫുട്‌ബോൾ താരങ്ങൾ മത്സരിക്കുന്നു എന്നതായിരുന്നു ആ പ്രത്യേകത.
ആകെ പോൾ ചെയ്‌ത 34ല്‍ 33 അസോസിയേഷനുകളുടെയും പിന്തുണ ഉറപ്പാക്കിയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള നാല്‍പ്പത്തിയഞ്ചുകാരനായ കല്യാൺ ചൗബേ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്‍റാകുന്നത്. ഇന്ത്യൻ സീനിയർ ടീമില്‍ കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ലെങ്കിലും മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടി ഗോൾവല കാത്ത ചൗബേ സജീവ ഫുട്‌ബോൾ മത്സരങ്ങളില്‍ നിന്ന് വിടപറഞ്ഞ ശേഷം രാഷ്‌ട്രീയത്തിലിറങ്ങിയിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ കൃഷ്‌ണനഗർ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ഐഎം വിജയനുമുണ്ട്: ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനില്‍ കളിക്കാരുടെ പ്രതിനിധികളായി ഐഎം വിജയൻ, ബൈച്ചുങ് ബൂട്ടിയ, ക്ലൈമാക്‌സ് ലോറൻസ്, ഷബിർ അലി എന്നിവരാണുള്ളത്.
കല്യാൺ ചൗബേ: 1996ല്‍ ദേശീയ തലത്തില്‍ ഫുട്‌ബോൾ കളിച്ചു തുടങ്ങിയ കല്യാൺ ചൗബേ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, സാല്‍ഗോക്കർ, ജെസിടി എന്നി ടീമുകളുടെ ഗോൾ വല കാത്തു. 15 വർഷം നീണ്ട ഫുട്‌ബോൾ കരിയർ തുടങ്ങിയത് അണ്ടർ 17, അണ്ടർ 20 ദേശീയ ടീമില്‍ കളിച്ചുകൊണ്ടായിരുന്നു.
ചൗബേ പ്രസിഡന്‍റാകുമ്പോൾ വൈസ് പ്രസിഡന്‍റായി കർണാടക ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്‍റും കോൺഗ്രസ് എംഎല്‍എയുമായ എൻഎ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കൈപ അജയും തെരഞ്ഞെടുക്കപ്പെട്ടു.
Also Read:എഐഎഫ്‌എഫ് പ്രസിഡന്‍റായി കല്ല്യാണ്‍ ചൗബേ, ബൈച്ചുങ് ബൂട്ടിയയ്‌ക്ക് ലഭിച്ചത് ഒരു വോട്ട്