ന്യൂഡൽഹി : 75-ാമത് ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് - സന്തോഷ് ട്രോഫിക്ക് ഏപ്രിൽ 16-ന് കേരളത്തിലെ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ തുടക്കമാകും. ആദ്യ മത്സരത്തിൽ പരമ്പരാഗത ശക്തികളായ പശ്ചിമ ബംഗാൾ പഞ്ചാബിനെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നീ വേദികളിലാണ് എല്ലാ മത്സരങ്ങളും നടക്കുക.
കേരളത്തിന്‍റെ ആദ്യ മത്സരം ഏപ്രില്‍ 16-ന് രാത്രി എട്ടിന് മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും. രാജസ്ഥാനാണ് എതിരാളികള്‍. ഏപ്രില്‍ 18-ന് പശ്ചിമ ബംഗാളിനെതിരെയാണ് കേരളത്തിന്‍റെ രണ്ടാം മത്സരം. ഏപ്രില്‍ 20-ന് മേഘാലയയും ഏപ്രില്‍ 22-ന് പഞ്ചാബുമാണ് എതിരാളികള്‍. എല്ലാ മത്സരങ്ങളും രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക.
ടൂർണമെന്‍റിൽ ആകെ 10 ടീമുകൾ പങ്കെടുക്കും. 10 ടീമുകളെ അഞ്ച് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്, ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിഫൈനലിലേക്ക് കടക്കും. ഏപ്രില്‍ 28, 29 തിയ്യതികളിലാണ് സെമി ഫൈനലുകള്‍. മെയ് രണ്ടിനാണ് ഫൈനല്‍.
ALSO READ: FIFA World Cup 2022 | ഫിഫ വാര്‍ഷിക കോണ്‍ഗ്രസിന് ദോഹയിൽ തുടക്കമായി, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നാളെ
മേഘാലയ, പഞ്ചാബ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, കേരള എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് കേരളം. ഗ്രൂപ്പ് ബിയില്‍ ഗുജറാത്ത്, കര്‍ണാടക, ഒഡിഷ, സര്‍വീസസ്, മണിപ്പൂര്‍ ടീമുകളാണുള്ളത്. സെമിയും ഫൈനലും പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുക.