ന്യൂഡല്‍ഹി: നാലാംഘട്ട ലോക്ക്‌ഡൗണ്‍ കാലത്ത് സ്റ്റേഡിയങ്ങളും സ്‌പോർട്‌സ് കോംപ്ലക്‌സുകളും കായിക താരങ്ങൾക്കായി തുറന്ന് നല്‍കാന്‍ കേന്ദ്ര തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. അതേസമയം കാണികളെ സ്റ്റേഡിയത്തിന് അകത്ത് പ്രവേശിപ്പിക്കില്ല.
നേരത്തെ മാർച്ചില്‍ ലോക്ക്‌ഡൗണ്‍ ആരംഭിച്ച ശേഷം സ്റ്റേഡിയങ്ങൾ അടഞ്ഞു കിടക്കുകയാണ്. അതിനാല്‍ തന്നെ കായിക രംഗത്തെ പരിശീലന പരിപാടികളും മുടങ്ങി. ഈ പശ്ചാത്തലത്തിലാണ് സ്റ്റേഡിയങ്ങൾ തുറക്കാന്‍ സർക്കാർ നടപടി സ്വീകരിച്ചത്.
സ്റ്റേഡിയം തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു നേരത്തെ അത്‌ലറ്റുകളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചർച്ച നടത്തിയിരുന്നു. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന കായിക താരങ്ങളുടെ പരിശീലനം മെയ് മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്ന സൂചനയും അദ്ദേഹം അന്ന് പങ്കുവെച്ചിരുന്നു. നേരത്തെ ലോക്ക്‌ഡൗണിനെ തുടർന്ന് പാട്യാലയിലെയും ബംഗളൂരുവിലെയും സായിയുടെ കേന്ദ്രങ്ങൾ പരിശീലനം പുനരാരംഭിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. അതേസമയം കായിക രംഗത്ത് ലോക്ക്‌ഡൗണ്‍ തുടരുകയാണ്. മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് നിലവില്‍ രാജ്യത്ത് വിലക്കുണ്ട്.