ന്യൂഡല്‍ഡി: ജിലാ തലത്തില്‍ 1000 ഖേലോ ഇന്ത്യാ കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. കായിക രംഗത്ത് താഴെത്തട്ടിലെ വികസനം ലക്ഷ്യമിട്ടാണ് നടപടി. ദേശീയ തലത്തില്‍ കഴിവ് തെളിയിച്ച കായിക താരങ്ങളുടെ സാമ്പത്തിക ഭദ്രതയും സമൂഹത്തില്‍ അംഗീകാരവും ഇതിലൂടെ ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യാന്തര തലത്തില്‍ ഉള്‍പ്പെടെ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ കായിക താരങ്ങള്‍ക്കോ പരിശീലകര്‍ക്കോ ആകും ഈ കേന്ദ്രങ്ങളുടെ ചുമതല. കേന്ദ്രത്തിന്റെ ചുമതല വഹിക്കാന്‍ കഴിവുള്ളവരെ കണ്ടെത്തായി പ്രത്യേകം സംവിധാനം തയ്യാറാക്കും. നാല് വിഭാഗങ്ങളിലായാണ് കേന്ദ്രങ്ങളുടെ ചുമതല വഹിക്കാന്‍ പ്രാപ്തിയുള്ളവരെ അധികൃതര്‍ പരിഗണിക്കുക. ദേശീയ സ്‌പോര്‍സ് ഫെഡറേഷനേയോ അസോസിയേഷനേയോ പ്രതിനിധീകരിച്ച് രാജ്യാന്തര തലത്തില്‍ കായിക മേളകളില്‍ പങ്കെടുത്തവരെയാണ് ആദ്യ വിഭാഗത്തില്‍ പരിഗണിക്കുക. നാഷണല്‍ സ്‌പോര്‍സ് ഫെഡറേഷന്‍ സംഘടിപ്പിച്ച ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലേയോ ഖേലോ ഇന്ത്യ ഗെയിംസിലേയോ മെഡല്‍ ജേതാക്കളെ രണ്ടാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തു. ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിലെ മെഡല്‍ ജേതാക്കളെ മൂന്നാമത്തെ വിഭാഗത്തിലും ഖേലോ ഇന്ത്യ ഗെയിംസിലേയോ ദേശീയ സ്‌പോര്‍സ് ഫെഡറേഷന്‍റെ സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലോ പങ്കെടുത്തവരെ നാലാമത്തെ വിഭാഗത്തിലും കേന്ദ്രങ്ങളുടെ നടത്തിപ്പിനായി പരിഗണിക്കും.
പുതിയ ഖേലോ ഇന്ത്യ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനായി അതത് സംസ്ഥാനങ്ങളിലെ കായിക വകുപ്പുകളെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ അവരുടെ ശുപാര്‍ശ സായി റീജ്യണല്‍ കേന്ദ്രങ്ങള്‍ക്ക് കൈമാറും. തുര്‍ന്ന് കേന്ദ്രാനുമതിയോടെ പദ്ധതി യാഥാര്‍ഥ്യമാക്കും. ഈ സാമ്പത്തിക വര്‍ഷം 100 ഖേലോ ഇന്ത്യ കേന്ദ്രങ്ങള്‍ ഒരുക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.