ന്യൂഡല്‍ഹി: മഹാമാരിക്കെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തില്‍ അണിചേർന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം. 20,01,130 രൂപ ടീം കൊവിഡ് 19-ന് എതിരായ പോരാട്ടത്തിലേക്ക് സംഭാവന ചെയ്‌തു. 18 ദിവസമായി സാമൂഹ്യമാധ്യമത്തിലൂടെ നടത്തിയ ഫിറ്റ്‌നസ് ചലഞ്ച് വഴിയാണ് തുക സമാഹരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 17-ന് തുടങ്ങിയ ചലഞ്ച് മെയ് മൂന്നിന് സമാപിച്ചു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ക്കിക്കുന്ന ഉദയ് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒക്ക് ടീം തുക കൈമാറി. കൊവിഡ് 19 കാരണം വഴിമുട്ടിയ കുടിയേറ്റ തൊഴിലാളികള്‍, ചേരിനിവാസികള്‍, രോഗികൾ തുടങ്ങിയവർക്കായി തുക വിനിയോഗിക്കും. ഭക്ഷണ സാധനങ്ങൾക്ക് പുറമെ ഹാന്‍റ് സാനിറ്റൈസർ സോപ്പ് എന്നിവ അടങ്ങിയ സാനിറ്ററി കിറ്റും ഇവർ വിതരണം ചെയ്യും.
ഓരോ ദിവസവും ടീമിലെ ഓരോ താരങ്ങള്‍ വീതം സോഷ്യല്‍ മീഡിയയില്‍ പരിപാടിയുടെ ഭാഗമായി രംഗത്ത് വന്നിരുന്നു. പിന്നീട് ഓരോ ഫിറ്റ്‌നസ് ചലഞ്ച് അവതരിപ്പിക്കും. തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിനെ പത്തു പേരെയാണ് ഇത്തരത്തില്‍ ക്ഷണിക്കുക. ഇവരോട് ഫണ്ടിലേക്ക് 100 രൂപ വീതം ആവശ്യപ്പെടുകയും ചെയ്യും തങ്ങളുടെ ആശയത്തിന് പിന്തുണയുമായി രംഗത്ത് വന്ന എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ പറഞ്ഞു.