ബാഴ്‌സലോണ: ആരാധകര്‍ക്കപ്പുറം ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് സൂപ്പര്‍ താരം ലയണല്‍ മെസി കഴിഞ്ഞ ദിവസം എഫ്‌സി ബാഴ്‌സലോണയോട് വിട പറഞ്ഞത്. ക്ലബുമായുള്ള 21 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച താരം വാര്‍ത്ത സമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടിയിരുന്നു.
താന്‍ ഇതാഗ്രഹിച്ചിരുന്നില്ലെന്നും 50 ശതമാനം വരെ വേതനം കുറച്ചും ക്ലബില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നതായും മെസി പറഞ്ഞിരുന്നു. എന്നാല്‍ വെറുതെ കളിക്കാന്‍ മെസി തയ്യാറായാല്‍ പോലും ലാ ലിഗയുടെ 'ഫിനാൻഷ്യൽ ഫെയർ പ്ലേ' നിയമം അനുസരിച്ച് താരത്തിന് ക്ലബില്‍ തുടരാനാവില്ല എന്നതാണ് സത്യം.
മെസിയേയും ബാര്‍സയേയും പിരിച്ച 'ഫിനാൻഷ്യൽ ഫെയർ പ്ലേ'
കൊവിഡിനെ തുടര്‍ന്ന് ക്ലബുകള്‍ക്ക് ലാ ലിഗ അധികൃതര്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളാണ് സൂപ്പര്‍ താരത്തിനും ക്ലബിനും തിരിച്ചടിയായത്. കളിക്കാരുടെ പ്രതിഫലം ക്ലബുകളുടെ ആകെ വരുമാനത്തിന്‍റെ 70 ശതമാനത്തില്‍ അധികമാവരുതെന്നാണ് ലാ ലിഗയുടെ 'ഫിനാൻഷ്യൽ ഫെയർ പ്ലേ ' നിയമം.
എന്നാല്‍ ഇക്കാരണം ചൂണ്ടിക്കാട്ടി കളിക്കാരുടെ വേതനം 50 ശതമാനത്തില്‍ അധികം വെട്ടിക്കുറയ്ക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്. ആരും തന്നെ സൗജന്യമായി ജോലി ചെയ്യാനും രാജ്യത്തെ നിയമം അനുവദിക്കുന്നില്ലതാനും. 7.1 കോടി യൂറോ (ഏകദേശം 600 കോടി രൂപ) ആയിരുന്നു ബാഴ്സയിൽ മെസിയുടെ കരാർ തുക.
also read: 'ബാഴ്‌സ വീടും ലോകവും, തുടരാനാകാത്ത സാഹചര്യം'; പൊട്ടിക്കരഞ്ഞ് മെസി
ഒരു സീസണിൽ 138 മില്യൻ യൂറോ (ഏകദേശം 1,200 കോടി)യാണ് താരത്തിന് ലഭിച്ചിരുന്നത്. ഇനി താരം 50 ശതമാനം വേതനം കുറയ്ക്കാന്‍ തയ്യാറായാലും 600 കോടി രൂപ താരത്തിന് നല്‍കേണ്ടിവരും. അത്തരത്തിലാണെങ്കില്‍ പോലും ക്ലബിന്‍റെ ആകെ വരുമാനത്തിന്‍റെ 70 ശതമാനത്തില്‍ അധികം പ്രതിഫലത്തിനായി മാറ്റിവെക്കേണ്ടിവരും. ഇതാണ് ക്ലബിന് താരത്തെ നില നിര്‍ത്താനാവാതെ പോയതിന് പിന്നിലെ കാരണം.