ബാഴ്‌സലോണ: ലയണല്‍ മെസിയില്ലാത്ത ബാഴ്‌സലോണയെ എതിരാളികള്‍ അധികം ഭയപ്പെടുന്നില്ലെന്ന് കോച്ച് റൊണാൾഡ് കൂമാൻ. ലാ ലിഗയിലെ ക്ലബിന്‍റെ രണ്ടാം മത്സരത്തില്‍ അത്‌ലറ്റിക് ബില്‍ബാവോയ്‌ക്കെതിരായ സമയനിലയ്‌ക്ക് ശേഷമായിരുന്നു കൂമാന്‍ ഇക്കാര്യം പറഞ്ഞത്.
"എല്ലായെപ്പോഴും ഒരേകാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമില്ല. എന്നാല്‍ നമ്മള്‍ ലോകത്തിലെ മികച്ചതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മെസി ടീമിനൊപ്പമുണ്ടായിരുന്നപ്പോള്‍ എതിരാളികള്‍ കൂടുതല്‍ ഭയപ്പെട്ടിരുന്നു.
ലിയോയ്ക്ക് നിങ്ങൾ പന്ത് കൈമാറുകയാണെങ്കിൽ, സാധാരണയായി അവന്‍ അത് നഷ്ടമാക്കില്ല. മെസി ടീമിനൊപ്പമില്ലെന്ന് നിങ്ങൾക്ക് പറയാം. ഞങ്ങൾക്ക് അതറിയുകയും ചെയ്യാം. എന്നാല്‍ ചില കാര്യങ്ങള്‍ മാറ്റാനാവില്ല" കൂമാൻ പറഞ്ഞു.
also read: മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം അടുത്തയാഴ്ച; സൂചന നല്‍കി കോച്ച് പോച്ചെറ്റിനോ
അതേസമയം 21 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ഓഗസ്റ്റ് മാസം ആദ്യ വാരത്തിലാണ് മെസി ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയുമായി കരാറിലൊപ്പുവെച്ചത്. 35 മില്യൺ യൂറോയുടെ (41 ദശലക്ഷം ഡോളര്‍ ) വാര്‍ഷിക കരാറില്‍ രണ്ട് വര്‍ഷത്തേക്കാണ് 34കാരനായ താരം പിഎസ്‌ജിയുമായി ധാരണയിലെത്തിയിരിക്കുന്നത്.
എന്നാല്‍ ബഴ്‌സ വിടാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും 50 ശതമാനം വരെ വേതനം കുറച്ചും ക്ലബില്‍ തുടരാന്‍ ശ്രമം നടത്തിയിരുന്നതായും താരം പറഞ്ഞിരുന്നു.