മഡ്രിഡ്: സ്‌പാനിഷ് ലാ ലിഗയില്‍ വമ്പന്മാരായ റയല്‍ മഡ്രിഡിനും അത്‌ലറ്റിക്കോ മഡ്രിഡിനും വിജയം. ഇന്ന് നടന്ന പുലര്‍ച്ചെ നടന്ന മത്സരത്തില്‍ റയല്‍ സെവിയ്യയേയും അത്‌ലറ്റിക്കോ കാഡിസിനെയുമാണ് തോല്‍പ്പിച്ചത്.
റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബെർണബ്യൂവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സെവിയ്യ കീഴടങ്ങിയത്. മത്സരത്തിന്‍റെ 12ാം മിനുട്ടില്‍ തന്നെ സെവി റാഫ മിറിലൂടെ സെവിയ്യ ലീഡെടുത്തിരുന്നു.
എന്നാല്‍ 32-ാം മിനിട്ടില്‍ കരിം ബെന്‍സേമയിലൂടെ 87ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയറിലൂടെയും തിരിച്ചടിച്ച റയല്‍ ജയം പിടിച്ചു. മത്സരത്തിലെ വിജയത്തോടെ ലാലിഗയിലെ പോയിന്‍റ് പട്ടികയില്‍ റയല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
14 മത്സരങ്ങളില്‍ 10 വിജയങ്ങളുള്ള സംഘത്തിന് 33 പോയിന്‍റാണുള്ളത്. 14 മത്സരങ്ങളില്‍ എട്ട് വിജയങ്ങളോടെ 28 പോയിന്‍റുള്ള സെവിയ്യ നാലാം സ്ഥാനത്താണ്.
കാഡിസിനെതിരെ നാലടിച്ച് അത്‌ലറ്റിക്കോ
ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ മഡ്രിഡ് കാഡിസിനെ തകര്‍ത്തത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവന്‍ ഗോളുകളും പിറന്നത്. 56ാം മിനിട്ടില്‍ തോമസ് ലെമാറാണ് അത്‌ലറ്റിക്കോയ്‌ക്കായി ഗോളടി തുടങ്ങിയത്. തുടര്‍ന്ന്
ആന്‍റോയിന്‍ ഗ്രീസ്മാന്‍ (70ാം മിനിട്ട്) , ഏംഗല്‍ കോറിയ(76ാം മിനിട്ട്) , മത്തേയൂസ് കൂന്യ(86ാം മിനിട്ട്) എന്നിവര്‍ ലക്ഷ്യം കണ്ടു. 86ാം മിനുട്ടില്‍ ലൊസാനൊയാണ് കാഡിസിന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
64 ശതമാനവും പന്ത് കൈവശം വെച്ച അത്‌ലറ്റിക്കോ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. ഓണ്‍ ടാര്‍ഗറ്റിലേക്ക് അത്‌ലറ്റിക്കോ ഏഴ് ശ്രമങ്ങള്‍ നടത്തിയപ്പോള്‍ കാഡിസ് ഒന്നിലൊതുങ്ങി.
ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ അത്‌ലറ്റിക്കോയ്‌ക്കായി. 14 മത്സരങ്ങളില്‍ എട്ട് വിജയമുള്ള സംഘത്തിന് 29 പോയിന്‍റാണുള്ളത്. അതേസമയം 15 മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമുള്ള കാഡിസ് 12 പോയിന്‍റോടെ 17ാം സ്ഥാനത്താണ്.