യുവേഫാ യൂറോപ്പാ ലീഗില്‍ ചെല്‍സിയും ഇന്‍റർമിലാനും പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം പാദ മത്സരങ്ങളില്‍ ചെല്‍സി മാമോയേയും ഇന്‍റർ മിലാൻ റാപ്പിഡ് വെയ്നിനെയുമാണ് തോല്‍പ്പിച്ചത്.
പ്രീമിയർ ലീഗിലെ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷമാണ് ചെല്‍സിയുടെ ആശ്വാസജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നീലപ്പട മാല്‍മോയെ കീഴടക്കിയത്. ചെല്‍സിക്ക് വേണ്ടി ഒലിവര്‍ ജിറൂഡ്(55), റോസ് ബാര്‍ക്ക്‌ലി(74), കല്ലും ഹഡ്‌സന്‍ ഒഡോയ്(84) എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യ പാദ മത്സരത്തില്‍ 2-1ന് ജയിച്ച ചെല്‍സി ഈ വിജയത്തോടെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പ്രീക്വാർട്ടറില്‍ സ്ഥാനം പിടിച്ചത്.
റാപ്പിഡ് വെയ്നിനെ ഇന്‍റർ മിലാൻ ആദ്യ പാദ മത്സരത്തില്‍ ഒരു ഗോളിനും രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനുമാണ് തകർത്തത്. ഇന്ന് നടന്ന രണ്ടാം പാദ മത്സരത്തില്‍ മാറ്റിയാസ് വെസിയാനോ(11), ആന്‍ഡ്രിയ റാനോഷിയ(18), ഇവാന്‍ പെരിസിച്ച്(80), മാറ്റിയോ പൊലിറ്റാനോ(87) എന്നിവരാണ് ഇന്‍ററിന്‍റെഗോള്‍ സ്‌കോറര്‍മാർ.
ആദ്യ പാദ മത്സരത്തില്‍ ബെയ്റ്റിനെതിരെ തോല്‍വി ഏറ്റുവാങ്ങിയ ആഴ്സണല്‍ ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിച്ചു. വാലൻസിയ, നാപ്പോളി, ബെൻഫിക്ക, വിയ്യാറയല്‍, റെഡ് ബുൾ, സെനിത് എന്നീ ടീമുകളും പ്രീക്വാർട്ടറിലേക്ക് കടന്നു.