മ്യൂണിക്ക്: വിവാദമായ യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട് യൂറോപ്പിലെ വമ്പന്മാരായ റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്‍റസ് എന്നീ ക്ലബുകള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് തുടക്കമിട്ടതായി യുവേഫ അറിയിച്ചു. യുവേഫ നിയമങ്ങളുടെ ലംഘനത്തിന്‍റെ അടിസ്ഥാനത്താലാണ് ക്ലബുകള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചത്.
ലീഗ് സ്ഥാപകരായ 12 ക്ലബുകളില്‍ ഒമ്പത് ക്ലബുകള്‍ നേത്തെ പിന്‍വാങ്ങി യുവേഫയോട് വിധേയത്വം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്‍റസ് എന്നീ ക്ലബുകള്‍ മാത്രമാണ് നിലവില്‍ ലീഗില്‍ ഉറച്ച് നില്‍ക്കുന്നത്. സൂപ്പർ ലീഗുമായി മുന്നോട്ടു പോവാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇതിന്‍റെ ഭാഗമായി ചാമ്പ്യൻസ് ലീഗില്‍ നിന്നും പുറത്താക്കുമെന്നുമുള്‍പ്പെടെ യുവേഫ പ്രസിഡന്‍റ് അലക്സാണ്ടർ സെഫെരിൻ നേരത്തെ തന്നെ ക്ലബുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
also read: ഏകദിന റാങ്കിങ്ങില്‍ ചരിത്ര നേട്ടം സ്വന്തമാക്കി മെഹ്ദി ഹസൻ
എന്നാല്‍ ക്ലബുകൾക്കെതിരെ എന്ത് നടപടിയാവും ഉണ്ടാവുകയെന്ന് ഇതുവരെ യുവേഫ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗിന് മൂന്ന് ക്ലബുകളും നേരത്തെ തന്നെ യോഗ്യത നേടിയിട്ടുണ്ട്. ലീഗില്‍ നിന്നും ഇവരെ അയോഗ്യരാക്കി പുതിയ ക്ലബുകളെ ഉള്‍പ്പെടുത്തുന്നത് വലിയ നിയമ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സെപ്റ്റംബർ 14 നാണ് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ആരംഭിക്കുക.