സൂറിച്ച് (സ്വിറ്റ്സർലാന്‍റ്): വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിൽ (ഇ.എസ്.എല്‍) റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്‍റസ് എന്നീ ക്ലബ്ബുകളുടെ പങ്കാളിത്തത്തെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി യുവേഫ അറിയിച്ചു. അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 31 (4) അനുസരിച്ചാണ് നടപടിയെന്നും യുവേഫ പ്രസ്താവനയില്‍ വ്യക്തമാക്കി.
സൂപ്പർ ലീഗ് സ്ഥാപകരായ 12 ക്ലബ്ബുകളിൽ ഒമ്പത് എണ്ണം നേരത്തെ തന്നെ പിന്‍വാങ്ങുകയും യുവേഫയോടുള്ള പ്രതിബന്ധത സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബാഴ്‌സലോണ,യുവന്‍റസ് , റയല്‍ മാഡ്രിഡ്, എന്നിവര്‍ മാത്രമാണ് നിലവില്‍ ശേഷിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഈ ക്ലബ്ബുകള്‍ക്കെതിരെ അന്വേഷണം.
also read: ലാലിഗയില്‍ കിരീടം തൊടാൻ സമനിലക്കളി, ബാഴ്‌സയും കുരുക്കില്‍
അതേസമയം വിവാദമായ യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ യുവന്‍റസിനെ അടുത്ത സീസണിലെ സീരി എയില്‍ നിന്നും വിലക്കുമെന്ന് ഇറ്റാലിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഗബ്രിയേല്‍ ഗ്രാവിന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു റേഡിയോ പരിപാടിക്കിടെയാണ് ഗ്രാവിന ഇക്കാര്യം പറഞ്ഞത്.
'നിയമങ്ങൾ വ്യക്തമാണ്. അടുത്ത സീസണിൽ പ്രവേശിക്കുമ്പോഴും യുവന്‍റസ് സൂപ്പർ ലീഗിന്‍റെ ഭാഗമാണെങ്കിൽ, അതിന് സീരി എയിൽ പങ്കെടുക്കാൻ കഴിയില്ല. ആരാധകരോട് ഞാന്‍ ക്ഷമ പറയാന്‍ ആഗ്രഹിക്കുന്നു. പക്ഷേ നിയമങ്ങൾ നിയമങ്ങളാണ്, അവ എല്ലാവർക്കും ബാധകമാണ്. ഇവയെല്ലാം വെെകാതെ തന്നെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' ഗ്രാവിന പറഞ്ഞു.