മ്യൂണിക്ക്: യൂറോ കപ്പിലെ മരണഗ്രൂപ്പിലെ മരണപ്പോരിന് ഇന്ന് തുടക്കം. ഗ്രൂപ്പ് എഫില്‍ രണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുക. രാത്രി 9.30ന് നടക്കുന്ന മത്സരത്തില്‍ ഹംഗറി, പോര്‍ച്ചുഗലിനെയും പുലര്‍ച്ചെ 12.30ന് നടക്കുന്ന മത്സരത്തില്‍ ജര്‍മനി ഫ്രാന്‍സിനേയും നേരിടും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കും, മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാർട്ടറിലേക്ക് മുന്നേറുകയെന്നിരിക്കെ വമ്പന്മാരുടെ ഗ്രൂപ്പില്‍ പോരു മുറുകും.
കരുത്തരുമായി പറങ്കിപ്പട
ഫെരെൻക് പുസ്കസ് സ്റ്റേഡിയത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ ഹംഗറി നേരിടുക. ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം യാവോ ഫെലിക്സ്, റൂബൻ ഡയാസ്, ഡിയഗോ ജോട്ട, ബെർനാർഡോ സിൽവ, ആന്ദ്രേ സിൽവ, റെനാറ്റോ സാഞ്ചസ്, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങിയവര്‍ ചേരുമ്പോള്‍ പറങ്കിപ്പടയ്ക്ക് ആരെയും തകര്‍ത്തെറിയാനുള്ള കരുത്തുണ്ട്.
also read:രണ്ടാം പകുതിയില്‍ ഉയിര്‍ത്തെഴുന്നേറ്റ് പരാഗ്വേ ; ബൊളീവിയയ്ക്ക് തോൽവി
സ്വപ്നങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ ഹംഗറി
ഗ്രൂപ്പില്‍ താരതമ്യേന ദുര്‍ബലരാണെങ്കിലും ഹംഗറിയെ കുറച്ചു കാണാനാവില്ല. യൂറോയ്ക്ക് മുൻപുള്ള അവസാന 11 മത്സരങ്ങളിലും കോച്ച് മാർക്കോ റോസിയുടെ സംഘം തോൽവി അറിഞ്ഞിട്ടില്ല. ഇന്ന് ഫെരെൻക് പുസ്കസിലെ സ്വന്തം തട്ടകത്തില്‍ കളിക്കുന്നുവെന്ന ആനുകൂല്യവും അവര്‍ക്കുണ്ട്. സ്വപ്നങ്ങള്‍ക്ക് വേണ്ടി പോരാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് മത്സരത്തിന് മുന്‍പ് മാർക്കോ റോസി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കളിക്കളത്തില്‍ തീ പാറുമെന്ന് ഉറപ്പാണ്. എന്നാല്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ ഡൊമിനിക് സോബോസ്ലായ് പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാണ്.
കണക്കിലെ കളികള്‍
നേരത്തെ 13 തവണ ഹങ്കറിയും പോര്‍ച്ചുഗലും ഏറ്റുമുട്ടിയപ്പോള്‍ ഒമ്പതു തവണയും മത്സരം പിടിച്ചത് പറങ്കിപ്പടയാണ്. നാല് മത്സരങ്ങള്‍ സമനിലയിലായി. അതേസമയം 2017ലാണ് അവസാനം ഇരു സംഘവും ഏറ്റുമുട്ടിയത്. അന്ന് മുന്നേറ്റക്കാരന്‍ ആന്ദ്രേ സിൽവ നേടിയ ഗോളിന് പോര്‍ച്ചുഗല്‍ കളിപിടിച്ചിരുന്നു.