ലണ്ടന്‍: 2023ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ഇസ്താംബുൾ വേദിയാവുമെന്ന് യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ് (യുവേഫ) അറിയിച്ചു. അറ്റതുർക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കഴിഞ്ഞ ദിവസം ചേര്‍ന്ന എക്സിക്യൂട്ടിവ് കമ്മറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ഇസ്താംബുളിനെ നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് പോര്‍ട്ടയിലേക്ക് മാറ്റിയിരുന്നു. അതേസമയം 2023ലെ ഫൈനലിന് നേരത്തെ മ്യൂണിക്കിലായിരുന്നു വേദി നിശ്ചയിച്ചിരുന്നത്. ഇതോടെ 2025ലെ ഫൈനൽ മ്യൂണിക്കിന് അനുവദിച്ചിട്ടുണ്ട്. 2024 ൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വെംബ്ലിയില്‍ തന്നെ നടത്തുമെന്നും യുവേഫ വ്യക്തമാക്കി.
യുവ ക്ലബ് ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് എന്നിവയുടെ ഗ്രൂപ്പ് ഘട്ടത്തിനുള്ള നറുക്കെടുപ്പുകൾ ഉൾപ്പെടുന്ന യൂറോപ്യൻ ക്ലബ് സീസൺ കിക്ക്-ഓഫ് ഇവന്‍റ് ഓഗസ്റ്റ് അവസാനത്തോടെ ഇസ്താംബൂളിൽ നടക്കുമെന്നും യുവേഫ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.