ആസ്റ്റൺ: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ടോട്ടൻ ഹാം. ദക്ഷിണ കൊറിയന്‍ താരം ഹ്യൂങ് മിന്‍ സോനിന്‍റെ ഇരട്ട ഗോളിന്‍റെ മികവിലാണ് ടോട്ടനം വിജയിച്ചത്. ആദ്യപകുതിയിലെയും രണ്ടാം പകുതിയിലെയും ഇഞ്ച്വറി ടൈമിലാണ് ടോട്ടനത്തിനായി താരം ഗോൾ നേടിയത്. 27-ാം മിനിട്ടില്‍ ടോബി ആല്‍ഡര്‍വിറീല്‍ഡ് ടോട്ടനത്തിനായി ഗോൾ നേടി. നേരത്തെ ആദ്യ പകുതിയിലെ ഏഴാം മിനിട്ടില്‍ ടോബിയുടെ സെല്‍ഫ് ഗോളിലൂടെ ടോട്ടനം പിന്നിലായിരുന്നു. 53-ാം മിനിട്ടില്‍ എയിഞ്ചല്‍ ആസ്റ്റണ്‍ വില്ലക്കായി രണ്ടാമത്തെ ഗോൾ നേടി.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 26 മത്സരങ്ങളില്‍ നിന്നും 40 പൊയിന്‍റുമായി ടോട്ടനം അഞ്ചാമതാണ്. 25 പോയിന്‍റുമായി ആസ്റ്റണ്‍ വില്ല 17-ാമതുമാണ്.
അതേസമയം ലീഗില്‍ 10-ാം സ്ഥാനത്തുള്ള അഴ്‌സണല്‍ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ തകർത്തു. രണ്ടാം പകുതിയിലാണ് അഴ്‌സണലിന്‍റെ ഗോളുകൾ പിറന്നത്. 54-ാം മിനിറ്റില്‍ പിയറി ഔബമയാങ്, 57-ാം മിനിറ്റില്‍ നിക്കോളാസ് പെപ്പെ, 90-ാം മിനിറ്റില്‍ മെസ്യൂട്ട് ഓസില്‍, ഇഞ്ച്വറി ടൈമിൽ അലക്‌സാണ്ടര്‍ ലക്കാസെറ്റെ എന്നിവരാണ് ആഴ്‌സനലിനായി ലക്ഷ്യം കണ്ടത്. 31 പൊയിന്‍റുമായി ന്യൂകാസല്‍ 13-ാം സ്ഥാനത്താണ്.