ലിസ്‌ബണ്‍: കൊവിഡ് 19 കാരണം നിർത്തിവെച്ച പോർച്ചുഗീസ് ഫുട്‌ബോൾ ലീഗ് ജൂണ്‍ നാലിന് പുനരാരംഭിക്കും. കഴിഞ്ഞ മാർച്ച് 12 മുതലാണ് ലീഗിലെ മത്സരങ്ങൾ മഹാമാരി കാരണം മാറ്റിവെച്ചത്. ശേഷിക്കുന്ന 10 റൗണ്ടിലെ മത്സരങ്ങൾ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാകും നടത്തുക. മത്സരത്തിന് മുന്നോടിയായി കളിക്കാർ ആഴ്‌ചയില്‍ രണ്ട് തവണ കൊവിഡ് 19 ടെസ്റ്റ് പാസാകേണ്ടി വരും. മത്സരം നടക്കുമ്പോൾ സ്റ്റേഡിയത്തില്‍ അത്യാവശ്യം വേണ്ടവരെ മാത്രമെ അനുവദിക്കൂ.
ലീഗിലെ നിലവിലെ ചാമ്പന്‍മാരായ ബെന്‍ഫിക്കയുടെ മധ്യനിര താരം ഡേവിഡ് ടവാരസിന് കൊവിഡ് 19 സ്ഥിരീകരിച്ച് ഒരു ദിവസം കഴിഞ്ഞാണ് മത്സരം പുനരാരംഭിക്കാനുള്ള തീരുമാനം വരുന്നത്. ടവാരസിന് രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹം ക്വാറന്‍റയിനിലാണെന്നും ക്ലബ് അധികൃതർ പറഞ്ഞു. ലീഗിലെ മറ്റൊരു ക്ലബായ വിറ്റോറിയ ഗ്വിമാറെസിലെ മൂന്ന് താരങ്ങൾ ഉൾപ്പെടെ എട്ട് പേർക്ക് ഇതിനകം കൊവിഡ് 19 സ്ഥിരീകരിച്ചു. പോർട്ടോയാണ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് നിലവിലെ ചാമ്പ്യന്‍മാരായ ബെന്‍ഫിക്കയും. ബ്രഗ മൂന്നാം സ്ഥാനത്തും സ്‌പോർട്ടിങ് ലിസ്‌ബണ്‍ നാലാം സ്ഥാനത്തുമാണ്.