കാല്‍പന്ത് കളിക്കപ്പുറം മറ്റൊന്നിനും വിലകല്‍പ്പിക്കാത്ത വ്യക്തിത്വത്തിന് ഉടമ. ഫുട്‌ബോളിനെ പ്രണയിനിയെ പോലെ കൂടെ നിര്‍ത്തുകയും കളത്തില്‍ ഇടം കാല്‍ കൊണ്ട് കവിത രചിക്കുകയും ചെയ്‌ത വിപ്ലവകാരിയായിരുന്നു മറഡോണ. അയാളുടെ വേര്‍പാടില്‍ വിലപിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.
അര്‍ജന്‍റീനയിലെ ബ്യൂണസ് ഐറിസിലെയും, ഇറ്റലിയിലെ നേപ്പിളിലെയും എന്തിനധികം കേരളത്തിലെയും ആരാധകര്‍ മറഡോണയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ്. അയാള്‍ നടന്ന വഴികളില്‍പോലും കാല്‍പന്തിനോടുള്ള ഉന്മാദം ബാക്കിയാക്കിയിട്ടുണ്ടാകും. കോടിക്കണക്കിന് ആരാധകരാണ് മറഡോണയുടെ ചിത്രവും നെഞ്ചേറ്റി തെരുവുകളിലേക്ക് ഇറങ്ങുന്നത്...
കാല്‍പന്തുകളി ആനന്ദത്തിന്‍റേതാണ്. കളിക്കുന്നവനും കാണുന്നവനും ആ ലോകത്ത് ഒരേ താളത്തില്‍ ആനന്ദം അനുഭവിക്കുന്നു. ആസ്വാദനത്തിന്‍റെ വഴിയില്‍ ഉന്‍മാദിയായി കൊടുങ്കാറ്റുപോലെ വന്നുപോയ യുഗ പുരഷനാണ് മറഡോണ. ഡിയേഗോ അര്‍മാന്‍ഡോ മറഡോണ. അര്‍ജന്‍റീനയിലെ ലാനസില്‍ നിന്നുള്ള ആ അഞ്ചടി അഞ്ചിഞ്ചുകാരന്‍ കളിക്കളത്തിലെ പുല്‍നാമ്പുകള്‍ക്ക് തീപ്പിടിപ്പിച്ചു. ലോകം മുഴുവനുമുള്ള കാല്‍പന്താരാധകരെ അയാള്‍ ഉന്‍മാദികളാക്കി. ഒരു പന്തിനൊപ്പം മാന്ത്രികതയുടെ അലയോലികള്‍ ബാക്കിയാക്കി അയാള്‍ മറ്റൊരു ലോകത്തേക്ക് യാത്രയായി കഴിഞ്ഞു.
ബ്യൂണസ് ഐറിസില്‍ 1960 കളിലെ ദാരിദ്രം നിറഞ്ഞ കുട്ടിക്കാലത്ത് നിന്നും ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ ആരാധകരെ ചേര്‍ത്തുനിര്‍ത്താന്‍ തക്കവണ്ണം വശ്യതയുള്ള പ്രതിഭാസമായിരുന്നു മറഡോണ. ബുട്ടഴിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും തലമുറകള്‍ക്കിപ്പുറവും അയാള്‍ ഒരു അത്‌ഭുതമായി തുടരുന്നു. മരണമെന്ന അനിവാര്യതക്കപ്പുറം കാല്‍പന്തുള്ള കാലത്തോളം മറഡോണ അനശ്വരനാണ്. ഐതിഹാസിക യാത്രയില്‍ കാല്‍പന്തിനകത്തും പുറത്തും തേടിയത് ജീവിത ലഹരിയുടെ അടയാളങ്ങളാണ്. കറുപ്പും വെളുപ്പും നിറഞ്ഞ ആ ജീവിതം കളിക്കളത്തിലെ 90 മിനിട്ടില്‍ അയാള്‍ വരച്ചിടാറുണ്ട്. 1986 ലോകകപ്പില്‍ പിറന്ന നൂറ്റാണ്ടിന്‍റെ ഗോളും ദൈവത്തിന്‍റെ കൈയ്യും ഇനി അടയാളങ്ങളാണ്. പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്‌ത്തി ഗോളടിക്കാന്‍ കാണിച്ച മിടുക്ക് ലോകത്തിന്‍റെ ഹൃദയത്തില്‍ കയറിപ്പറ്റാനും അയാള്‍ കാണിച്ചു. ബ്യൂണസ് ഐറിസിലെയും നേപ്പിളിലെയും എന്തിന് ഇങ്ങ് കേരളത്തിലെയും തെരുവുകള്‍ അവന്‍റെ വേര്‍പാടില്‍ വിലപിക്കുന്നു.
ഫുട്‌ബോള്‍ ലോകത്തെ അനിശ്ചിതത്വങ്ങള്‍ ജീവിതത്തിലും മറഡോണയെ പിന്തുടര്‍ന്നു. അയാള്‍ സഞ്ചരിച്ച വഴികള്‍ അയാളുടേത് മാത്രമായിരുന്നു. കളിക്കളത്തിനകത്തും പുറത്തും അതിന് മാറ്റമുണ്ടായിരുന്നില്ല. പുതിയ വഴികള്‍ വെട്ടിത്തെളിച്ച് മറഡോണ യാത്ര തുടരുകയാണ്. ദൈവത്തിന്റെ കൈകള്‍ അനശ്വരമെന്ന് ലോകം വാഴ്‌ത്തിപ്പാടാന്‍ തുടങ്ങിയിരിക്കുന്നു.