പോക്കുഹാര: ദക്ഷിണേഷ്യന്‍ ഗെയിംസിലെ വനിതാ ഫുട്‌ബോൾ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ വനിതാ ടീമിന് വമ്പന്‍ ജയം. ആദ്യ മത്സരത്തില്‍ മാലിദ്വീപിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകൾ പിറന്നു. ഇന്ത്യക്കായി ബാലാ ദേവി ഇരട്ട ഗോൾ നേടി. 25-ാം മിനുട്ടിലും 33-ാം മിനുട്ടിലുമാണ് ബാലാ ദേവി ഗോൾ വല ചലിപ്പിച്ചത്. മത്സരം തുടങ്ങി അഞ്ചാം മിനുട്ടില്‍ ഗങ്മയി ഗ്രേസാണ് ഇന്ത്യക്കായി ആദ്യ ഗോൾ നേടിയത്.
നിശ്ചിതസമയത്ത് കളി അവസാനിക്കാന്‍ എട്ട് മിനുട്ട് മാത്രം ശേഷിക്കെയാണ് ഇന്ത്യ അടുത്ത ഗോൾ നേടിയത്. ഇന്ത്യന്‍ നായിക ആശാലതാ ദേവി നല്‍കിയ പാസ് മനീഷ 82-ാം മിനുട്ടില്‍ വലയിലെത്തിച്ചു. 88-ാം മിനിട്ടില്‍ ജബാമണിയിലൂടെ അഞ്ചാമത്തെ ഗോളും ഇന്ത്യ സ്വന്തമാക്കി. വ്യാഴാഴ്ച്ച ശ്രീലങ്കക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മാസം ഒമ്പതിനാണ് ഫൈനല്‍ മത്സരം.