ഇന്ന് നടന്ന മത്സരത്തില്‍ ഐസ്വാൾ എഫ്സിയോട് ഷില്ലോംഗ് ലജോംഗ് പരാജയപ്പെട്ടതോടെ ഐ-ലീഗിലെ റിലഗേഷൻ പോരാട്ടം അവസാനിച്ചു. ലീഗില്‍ അവസാന സ്ഥാനത്ത് എത്തുന്ന ടീമാണ് ടൂർണമെന്‍റില്‍ നിന്ന് റിലഗേറ്റ് ചെയ്യപ്പെടുക. ഈ സീസണില്‍ റിലഗേഷൻ വേണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ഇതിന് സാധ്യത ഷില്ലോംഗ് ലജോംഗിന് തന്നെയാണ്.
ഈ ഐ-ലീഗ് സീസണിലെ 19 മത്സരങ്ങളില്‍ നിന്ന് 11 പോയിന്‍റ് മാത്രമാണ് ഷില്ലോംഗ് നേടിയത്. ഇതോടെ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെടുക ഷില്ലോംഗ് ലജോംഗ് ആയിരിക്കുമെന്നത് ഉറപ്പായി. അവസാന രണ്ട് മത്സരങ്ങളില്‍ ജയിച്ചാല്‍ മാത്രമെ ലജോംഗിന് ചെറിയ സാധ്യതയെങ്കിലുംഉണ്ടായിരുന്നുള്ളൂ.
ഇന്നത്തെ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഷില്ലോംഗ് തോറ്റത്. ലീഗിലെ അവസാന മത്സരത്തില്‍ ജയിച്ചാലും പരമാവധി 14 പോയിന്‍റ് മാത്രമാണ് ലജോംഗിന് നേടാൻ കഴിയുക. ലജോംഗിന് മുന്നിലുള്ള മിനർവക്കും ഗോകുലം കേരളക്കും 17 പോയിന്‍റ് വീതമുണ്ട്. ഇതോടെ ലജോംഗ് അവസാന സ്ഥാനത്ത് തന്നെ ടൂർണമെന്റ് അവസാനിപ്പിക്കുമെന്ന് ഉറപ്പായി.
ഇന്ത്യൻ താരങ്ങളെ മാത്രമെ കളിപ്പിക്കൂ എന്ന തീരുമാനം എടുത്തതാണ് ലജോംഗിന് തിരിച്ചടിയായത്. ഒരു വിദേശ താരത്തെ പോലും ഇത്തവണ അവർ ടീമില്‍ ഉൾപ്പെടുത്തിയില്ല. 19 മത്സരങ്ങൾ കളിച്ച ഷില്ലോംഗ് ലജോംഗിന് മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ജയിക്കാനായത്. 2009-10 സീസണില്‍ ലജോംഗിനെ ഐ-ലീഗില്‍ നിന്ന് ഐ-ലീഗ് രണ്ടാം ഡിവിഷനിലേക്ക് റിലഗേറ്റ് ചെയ്തിരുന്നു,