മിലാന്‍: ഇറ്റലിയിലെ ആഭ്യന്തര ഫുട്‌ബോൾ ലീഗായ സീരി എയില്‍ ടീം അംഗങ്ങൾക്ക് ഒന്നിച്ച് പരിശീലനം നടത്താന്‍ അനുവാദം. ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗുസെപ്പെ കോന്തെയാണ് ഇതുസംബന്ധിച്ച അനുമതി നല്‍കിയത്. വാർത്താ സമ്മേളനത്തിലൂടെയാണ് അനുമതി നല്‍കിയതായി അദ്ദേഹം വ്യക്തമാക്കിയത്.
മെയ് 18-ാം തീയതി മുതല്‍ വിവിധ ടീമുകൾക്ക് ഇത്തരത്തില്‍ പരിശീലനം നടത്താന്‍ സാധിക്കും. നിലവില്‍ ടീം അംഗങ്ങൾ വേറിട്ട് നിന്നുകൊണ്ടാണ് പരിശീലനം നടത്തുന്നത്. സർക്കാരിന്‍റെ അനുകൂല നിലപാട് ലീഗ് അധികൃതർക്കും ആരാധകർക്കും ആവേശം പകരും. അതേസമയം സുരക്ഷാ ക്രമീകരണങ്ങൾ മതിയാം വിധം ഉണ്ടെങ്കിലെ സീരി എ മത്സരങ്ങൾ പുനരാരംഭിക്കാന്‍ സാധിക്കൂവെന്നും ഗുസെപ്പെ കോന്തെ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ മത്സരം പുനരാരംഭിക്കാനായിട്ടില്ല. അടുത്ത് തന്നെ സുരക്ഷാ സംവിധാനങ്ങൾ തൃപ്‌തികരമായി നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സീരി എ മത്സരങ്ങൾ ജൂണ്‍ 13-മുതല്‍ പുനരാരംഭിക്കാമെന്ന് ലീഗിലെ വിവിധ ക്ലബ് അധികൃതർ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ശുപാർശ സർക്കാരിന് നല്‍കുമെന്നും ലീഗ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇറ്റാലിയന്‍ സർക്കാർ അനുവദിച്ചാല്‍ മാത്രമെ കൊവിഡ് 19 കാരണം നിർത്തിവെച്ച ലീഗ് പുനരാരംഭിക്കാന്‍ സാധിക്കു.
ലീഗില്‍ പരിശീലനം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ നേരത്തെ യുവന്‍റസ് ഉൾപ്പെടെയുളള ക്ലബുകൾ ക്രിസ്റ്റ്യാനോ ഉൾപ്പെടെയുള്ള മുന്‍നിര താരങ്ങളെ തിരിച്ച് വിളിച്ചിരുന്നു. കൊവിഡ് 19 കാരണം താരങ്ങൾ സ്വദേശത്ത് കഴിയുന്ന പശ്ചാത്തലത്തിലാണ് അവരെ തിരിച്ച് വിളിച്ചത്. സീരി എ പോയിന്‍റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് യുവന്‍റസും രണ്ടാം സ്ഥാനത്ത് ലാസയോയുമാണ്.
കൊവിഡ് 19 കാരണം ജർമന്‍ ബുണ്ടസ് ലീഗ ഒഴികെയുള്ള ആഭ്യന്തര ഫുട്‌ബോൾ ലീഗുകൾ നിലവില്‍ നിർത്തിവെച്ചിരിക്കുകയാണ്. മെയ് 16-ാം തീയതി മുതലാണ് ബുണ്ടസ് ലീഗ പുനരാരംഭിച്ചത്.