മഡ്രിഡ് : ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. നീണ്ട പതിനാറ് വർഷത്തെ റയലുമായുള്ള അത്മബന്ധമാണ് സെർജിയോ റാമോസ് അവസാനിപ്പിക്കുന്നത്. റയൽ മാഡ്രിഡിന്‍റെ നായകൻ കൂടിയായിരുന്നു അദ്ദേഹം. 2005 മുതലാണ് റാമോസ് റയൽ മാഡ്രിഡിനോപ്പം ചേരുന്നത്. ഈ ജൂണിലാണ് റയലുമായുള്ള കരാർ അവസാനിക്കുന്നത്.
2003-2005 വരെ സെവ്വിയ്യയ്‌ക്കൊപ്പമായിരുന്നു സെർജിയോ. റയൽ മാഡ്രിഡിന്‍റെ ജേഴ്‌സിൽ 671 മത്സരങ്ങൾ കളിക്കുകയും 101 ഗോളുകൾ താരം നേടുകയും ചെയ്തു. ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്താണ് അദ്ദേഹം റയൽ അരാധകരുടെ മനസിലിടം നേടിയത്.
40 അസിസ്റ്റുകളാണ് താരത്തിനുള്ളത്. റയൽ ജേഴ്സിയിൽ ഒന്നും രണ്ടുമല്ല 22 കിരീടങ്ങളാണ് റാമോസ് സ്വന്തമാക്കിയത്. ലോക ഫുട്ബോളിന്‍റെ ചരിത്രത്തിലെ മികച്ച ഡിഫെൻഡര്‍മാരുടെ പട്ടികയിൽ സെർജിയോ റാമോസിന്‍റെ പേരുണ്ടെന്ന കാര്യത്തിൽ തർക്കമില്ല.
2005 ല്‍ റയൽ മാഡ്രിഡില്‍ ചെക്കേറുന്നത് അന്നത്തെ റെക്കോർഡ് തുകയായ 27 ദശലക്ഷം യുറോയ്ക്കാണ്. 2015 മുതലാണ് റാമോസ് ടീമിന്‍റെ നായക സ്ഥാനത്തേക്ക് എത്തുന്നത്. സ്പെയിനിനുവേണ്ടി ഒരു ലോകകപ്പും രണ്ട് യൂറോ കപ്പും നേടിയെടുക്കുന്നതിൽ മുഖ്യ പങ്കാണ് വഹിച്ചത്.
മാത്രമല്ല റയലിന് വേണ്ടി നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ച് ലാ ലീഗാ കിരീടങ്ങളും രണ്ട് കോപ ഡെൽ കിരീടങ്ങളും നാല് സൂപ്പർ കോപ്പ കിരീടങ്ങളും നേടിക്കൊടുത്തു.
also read: യൂറോ : എറിക്‌സണില്ലാതെ ഡെൻമാർക്ക് ഇന്ന് ബെൽജിയത്തിനെതിരെ
റയൽ മാഡ്രിഡിലെ അവസാന നാളുകളിൽ പരിക്കുകളും,കൊവിഡ് പോസിറ്റിവായതും എല്ലാം താരത്തെ കളികളിൽ നിന്ന് മാറ്റി നിർത്തി. എല്ലാറ്റില്‍നിന്നും മുക്തനായി അദ്ദേഹം കളിയിലേക്ക് തിരിച്ചു വരുന്നത് കാത്തിരിക്കുകയായിരുന്നു അരാധകർ. ഈ യൂറോ കപ്പിൽ താരം കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സ്പെയ്ന്‍ ടീമില്‍ ഇടം കിട്ടിയില്ല.
റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കാൻ പോകുമ്പോഴും താരത്തെ ടീം കൈവിടില്ലന്നാണ് ഏവരും കരുതിയിരുന്നത്. പക്ഷേ 35 വയസുള്ള താരത്തിന്‍റെ പ്രായമാണ് റയലുമായിയുള്ള കരാർ അവസാനിപ്പിക്കാൻ നിർബന്ധിതനാക്കിയത് .
അദ്ദേഹത്തിന്‍റെ ഭാവി പരിപാടികള്‍ എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിയും,യുണൈറ്റഡും,പിഎസ്‌ജിയും, ചെൽസിയുമെല്ലാം താരത്തെ കൊത്താൻ കാത്തിരിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.