മാപ്പെയി: ഇറ്റാലിയൻ സിരി എയില്‍ ചാമ്പ്യൻ പട്ടത്തിലേക്ക് അടുക്കുന്ന യുവന്‍റസിന് ലീഡ് ഒൻപത് പോയിന്‍റാക്കാനുള്ള അവസരം നഷ്ടമായി. ആറ് ഗോൾ പിറന്ന മത്സരത്തില്‍ സസുവോളയ്ക്കെതിരെ യുവന്‍റസ് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഒരു ഘട്ടത്തില്‍ തോല്‍വിയിലേക്കും പിന്നീട് സമനിലയിലേക്കും യുവന്‍റസ് തിരിച്ചെത്തിയത്. മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ ഡാനിലോയുടെ ഗോളിലൂടെ യുവന്‍റസാണ് ആദ്യം ഗോളടി തുടങ്ങിയത്. പിന്നീട് ഗോൺസാലോ ഹിഗ്വയ്‌ൻ 12-ാം മിനിട്ടില്‍ യുവന്‍റസിന്‍റെ രണ്ടാം ഗോൾ നേടി. എന്നാല്‍ 29-ാം മിനിട്ടില്‍ ഫിലിപ്പ് ഡുറികിക്കിലൂടെ സസുവോള തിരിച്ചടി തുടങ്ങി.
രണ്ടാം പകുതിയിലെ 51-ാം മിനിട്ടില്‍ ഡൊമെനികോ ബെറാർഡിയും 54-ാം മിനിട്ടില്‍ ഫ്രാൻസെസ്കോ കാപുടോയും ഗോൾ നേടിയതോടെ സസുവോള മൂന്ന് ഗോളുമായി മുന്നിലെത്തി. എന്നാല്‍ 64-ാം മിനിട്ടില്‍ അലെക്‌സ് സാൻഡ്രോ നേടിയ ഗോളിലൂടെ മത്സരം (3-3) ന് യുവന്‍റസ് സമനിലയിലാക്കി. ഇതോടെ 33 മത്സരങ്ങളില്‍ നിന്നായി 77 പോയിന്‍റുമായി യുവന്‍റസാണ് സിരി എയില്‍ മുന്നിലുള്ളത്. അത്രയും മത്സരങ്ങളില്‍ നിന്നായി അറ്റലാന്‍റ 70 പോയിന്‍റോടെയും ലാസിയോ 69 പോയിന്‍റോടെയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അഞ്ച് മത്സരങ്ങളാണ് ഇനി സിരി എയില്‍ ഓരോ ടീമിനും ശേഷിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിറം മങ്ങിയതാണ് യുവന്‍റസിനെ ആശങ്കയിലാക്കുന്നത്.