എറണാകുളം: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ദക്ഷിണമേഖല യോഗ്യത റൗണ്ടിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന് കൂറ്റൻ വിജയം. ആൻഡമാൻ നിക്കോബാറിനെ എതിരില്ലാത്ത ഒൻപത് ഗോളുകൾക്കാണ് കേരളം തകർത്തത്. നിജോ ഗിൽബർട്ടും ജെസിനും മുഹമ്മദ് സഫ്നാദ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ വിബിൻ തോമസ്, അർജുൻ ജയരാജ്, സൽമാൻ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.
ആദ്യ പകുതിയിൽ തന്നെ ജെസിന്‍റെ ഇരട്ട ഗോൾ മികവിൽ കേരളം മൂന്ന് ഗോളുകളുടെ ലീഡ് നേടിയിരുന്നു. നിജോ ഗിൽബർട്ടിന്‍റെ വകയായിരുന്നു ഒരു ഗോൾ. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചാണ് കേരളം കളിച്ചത്. ആൻഡമാൻ പ്രതിരോധത്തെ നിഷ്‌പ്രഭമാക്കി ആറ് ഗോളുകളാണ് രണ്ടാം പകുതിയിൽ കേരളം അടിച്ച് കൂട്ടിയത്.
ALSO READ: Cristiano Ronaldo: റോണോ@800; കരിയറിൽ 800 ഗോളുകൾ, ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ
വിജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ കേരളം എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ലക്ഷദ്വീപിനെ തകർത്തിരുന്നു. അടുത്ത മത്സരത്തിൽ പോണ്ടിച്ചേരിയാണ് കേരളത്തിന്‍റെ എതിരാളികൾ. ഈ മത്സരത്തിൽ വിജയിച്ചാൽ കേരളത്തിന് ഫൈനൽ റൗണ്ടിൽ പ്രവേശിക്കാൻ സാധിക്കും.