വനിതാ സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ - നേപ്പാൾ പോരാട്ടം. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. മത്സരം ഉച്ചയ്ക്ക് 2.45ന് നേപ്പാളിലെ സാഹിത് മൈതാനിയില്‍. ബംഗ്ലാദേശിനെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്.
2010, 2012, 2014 ഫൈനലുകളിൽ ഇരുടീമും ഏറ്റുമുട്ടിയിരുന്നു. തുടര്‍ച്ചയായി മൂന്നു തവണ ഇന്ത്യക്കു മുന്നില്‍ കിരീടം അടിയറവുവച്ച നേപ്പാള്‍ ആദ്യ കിരീടത്തിനായാണ് ഇന്ന് ഇറങ്ങുന്നത്. ശ്രീലങ്കയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് നേപ്പാൾ കലാശപ്പോരിന് ഇറങ്ങുന്നത്. ടൂർണമെന്‍റിൽ ഒരു കളിയിൽ പോലും തോൽവി അറിയാതെയാണ് ഇരു ടീമും ഫൈനലിൽ എത്തിയത്.
മുന്നേറ്റനിരയുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. സെമിയില്‍ രണ്ടു ഗോളടിച്ച് ടോപ് സ്കോററായ ഇന്ദുമതി കതിരേശന്റെ മികവ് ഇന്ത്യയ്ക്ക് കരുത്താണ്. 2010 ല്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യയല്ലാതെ മറ്റൊരു ടീമും കിരീടം നേടിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയിലായിരുന്നു ടൂർണമെന്‍റ് നടക്കേണ്ടിയിരുന്നത്. എന്നാൽ ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് ലങ്ക പിന്മാറിയതോടെ സാഫ് ചാമ്പ്യൻഷിപ്പ് ഈ വർഷം നടത്താൻ തീരുമാനിക്കുകയായിരുന്നു.