ന്യൂഡല്‍ഹി : ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം സാഫ് കപ്പ് കിരീടം എട്ടാമതും നേടുകയെന്നത് ഒരു പ്രത്യേക നേട്ടമല്ലെന്നും 2023ലെ ഏഷ്യൻ കപ്പിന് യോഗ്യത നേടുകയെന്ന ലക്ഷ്യമാണ് പ്രധാനമെന്നും കോച്ച് ഇഗോർ സ്റ്റിമാക്. മാലിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന് ശേഷം ബംഗളൂരുവില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ കോച്ചിന്‍റെ പ്രതികരണം.
സാഫ് കപ്പില്‍ ഇന്ത്യ വിജയിക്കുന്നത് സാധാരണമാണ്, ഈ ചാമ്പ്യന്‍ഷിപ്പില്‍ ടീം വളരെ ആധിപത്യം പുലർത്തുന്നുവെന്നും തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇനിയും ഏറെ മുന്നേറാന്‍ കഴിയുമെന്നുമാണ് ഇത് കാണിക്കുന്നത്.
അദ്യ മത്സരങ്ങളില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും സമനില വഴങ്ങിയതിന് ശേഷം ടീമിന് സമ്മര്‍ദമുണ്ടായിരുന്നു. അതേസമയം ഫിഫയുടെ വിന്‍ഡോയ്‌ക്ക് പുറത്ത് ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കാനാവുമോയെന്ന കാര്യത്തിലും കോച്ച് ആശങ്ക പ്രകടിപ്പിച്ചു.
also read: ധോണിയില്ലാതെ ചെന്നൈയും ചെന്നൈ ഇല്ലാതെ ധോണിയുമില്ലെന്ന് എന്‍ ശ്രീനിവാസന്‍
ഐഎസ്എല്ലില്‍ നവംബർ 19 മുതൽ ജനുവരി 9 വരെയുള്ള ആദ്യ പാദ മത്സരങ്ങളുടെ ക്രമങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ടെങ്കിലും രണ്ടാം പാദ മത്സരക്രമം ഇതേവരെ വ്യക്തമാക്കിയിട്ടില്ല. ഇക്കാരണത്താല്‍ തന്നെ താരങ്ങളെ ദേശീയ ചുമതലയ്ക്കായി വിടാന്‍ സംഘാടകരോടും ക്ലബ്ബുകളോടും ഫെഡറേഷൻ ആവശ്യപ്പെടേണ്ടതുണ്ട്.
അതേസമയം ദോഹയില്‍ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഗ്രൂപ്പ് ഇയില്‍ മൂന്നാമതെത്തിയാണ് 2023ലെ ഏഷ്യൻ കപ്പ് ക്വാളിഫയറിന് ഇന്ത്യ യോഗ്യത നേടിയത്. എട്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയുമായി ഏഴുപോയിന്‍റായിരുന്നു ടീമിനുണ്ടായിരുന്നത്.