ബാഴ്‌സലോണ: ജനുവരി ട്രാന്‍സ്‌ഫര്‍ ജാലകത്തില്‍ കൂടുതല്‍ സ്ട്രൈക്കര്‍മാരെ ടീമിലെത്തിക്കാന്‍ ശ്രമിച്ച് ബാഴ്‌സലോണ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍. ഹുയേസ്‌കക്കെതിരായ മത്സരത്തിലെ മങ്ങിയ വിജയത്തിന് ശേഷമാണ് കോമാന്‍ ആവശ്യം ശക്തമാക്കിയിരിക്കുന്നത്. പക്ഷേ ആരെയെല്ലാം ആവശ്യമുണ്ടെന്ന കാര്യത്തില്‍ കോമാന്‍ ഇതേവരെ സൂചനകള്‍ നല്‍കിയിട്ടില്ല. ദുര്‍ബലരായ ഹുയേസ്‌കക്കെതിരായ ലാലിഗ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒരോ ഗോളിന്‍റെ ജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. മെസിയുടെ അസിസ്റ്റില്‍ ഫ്രാങ്കി ഡി ജോങ്ങാണ് വല കുലുക്കിയത്.
ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള ബാഴ്‌സലോണക്ക് നിലവില്‍ 28 പോയിന്‍റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ 10 പോയിന്‍റിന്‍റെ കുറവാണ് ബാഴ്‌സക്കുള്ളത്. ഗ്രീസ്മാന്‍റെ അഭാവത്തില്‍ മെസി, ഡെംബല്‍, ബ്രാത്ത് വെയിറ്റ് എന്നിവരാണ് ബാഴ്‌സയുടെ മുന്നേറ്റ നിരയിലുള്ളത്. കൂടുതല്‍ ഗോളുകളും പോയിന്‍റ് പട്ടികയിലെ മുന്നേറ്റവുമാണ് കോമാന്‍ ലക്ഷ്യമിടുന്നത്.
ബാഴ്‌സയിലെ ഓരോ താരത്തിലും വിശ്വാസമുണ്ട്. ജനുവരി നിര്‍ണായകമെന്നാണ് കോമാന്‍റെ പക്ഷം. ഈ മാസം മുന്നേറ്റമുണ്ടാക്കിയാല്‍ തുടര്‍ന്നും പൊരുതാന്‍ സാധിക്കുമെന്നാണ് കോമാന്‍റെ കണക്ക് കൂട്ടല്‍. ബാഴ്‌സ ഈ മാസം അത്‌ലറ്റിക്കോ ബില്‍ബാവോ, ഗ്രാനഡ, എല്‍ച്ചെ, റയല്‍ ബെറ്റിസ്, ആല്‍വേസ്, കാഡിസ്, സെവിയ്യ തുടങ്ങിയ ക്ലബുകളെയാണ് ലീഗില്‍ നേരിടുക.