എർലിങ് ഹാളണ്ട്, പോയവർഷം ഫുട്ബോൾ ലോകം ഏറ്റവുമധികം ശ്രദ്ധിച്ച മുന്നേറ്റ താരം. 20 വയസുള്ള നോർവീജിയൻ താരമായ ഹാളണ്ട് നിലവില്‍ ജർമൻ ക്ലബായ ഡോർട്മുണ്ടിന് വേണ്ടിയാണ് കളിക്കുന്നത്. പോയ സീസണില്‍ 41 മത്സരങ്ങളില്‍ നിന്ന് 41 ഗോളുകൾ നേടിയ ഹാളണ്ടിനെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബുകൾക്കെല്ലാം ആഗ്രഹമുണ്ട്.
വില 150 മില്യൺ പൗണ്ട്
റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരായിരുന്നു ആദ്യ ഘട്ടത്തില്‍ ഹാളണ്ടിനെ സ്വന്തമാക്കണമെന്ന ആഗ്രഹവുമായി മുന്നിലുണ്ടായിരുന്നത്. എന്നാല്‍ കാര്യങ്ങൾ ഇപ്പൊ മാറി മറിഞ്ഞു.
ഇംഗ്ലീഷ് ക്ലബ് ചെല്‍സിയുടെ ഉടമസ്ഥനും അതി സമ്പന്നനുമായ റോമൻ അബ്രമോവിച്ച് ഒടുവില്‍ തന്റെ നിലപാട് പ്രഖ്യാപിച്ചു. ഹാളണ്ടിനെ എങ്ങനെയും ചെല്സിയിലെത്തിക്കണം. അതിനായി അദ്ദേഹം നല്കുന്ന വില 150 മില്യൺ പൗണ്ടാണ്. മാഞ്ചസ്റ്റർ ടീമുകളും റയലും വിചാരിച്ചിട്ടും നടക്കാത്ത കാര്യത്തിനാണ് അബ്രമോവിച്ച് പണം വാരിയെറിയുന്നത്.
നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെല്‍സിക്ക് അടുത്ത സീസണില്‍ പ്രീമിയർ ലീഗ് കിരീടം നേടുന്നതിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തുക എന്ന സ്വപ്നം കൂടിയാണ് അബ്രമോവിച്ചിനുള്ളത്. ഓഗസ്റ്റില്‍ അവസാനിക്കുന്ന താരങ്ങളുടെ കൈമാറ്റ വിപണിയില്‍ ഹാളണ്ടിനെ ചെല്സിയിലെത്തിക്കാനാണ് അബ്രമോവിച്ചിന്റെ ശ്രമം.
അതിനൊപ്പം ഒരുമാസത്തിനുള്ളില്‍ ആരംഭിക്കുന്ന പ്രീമിയർ ലീഗില്‍ ഹാളണ്ടിന്റെ സാന്നിധ്യം ചെല്‍സി ടീമില്‍ ഉറപ്പിക്കാനും അബ്രമോവിച്ച് ആഗ്രഹിക്കുന്നുണ്ട്.
ഹാളണ്ട് വന്നാല്‍ ചിലർ തെറിക്കും
നിലവില്‍ ജർമൻ താരങ്ങളായ കെയി ഹാവെർട്സ്, തിമോ വെർണർ എന്നിവരാണ് ചെല്‍സിയുടെ പ്രധാന സ്ട്രൈക്കർമാർ. അവർക്കൊപ്പം കല്ലം ഹട്സൺ ഒടോയി, ടാമി അബ്രഹാം, ഹക്കിം സിയേച് എന്നിവരും ചെല്‍സിയുടെ മുന്നേറ്റത്തിലുണ്ട്. ഹാളണ്ട് വന്നാല്‍ കല്ലം ഹട്സൺ ഒടോയി, ടാമി അബ്രഹാം, ഹക്കിം സിയേച് എന്നിവർ പുറത്തു പോകേണ്ടി വരും.
ഈ മൂന്ന് താരങ്ങളേയും മറ്റ് ടീമുകൾക്ക് നല്‍കുന്നത് വഴി 90 മില്യൺ പൗണ്ട് സ്വന്തമാക്കാമെന്നും ചെല്‍സി ടീം മാനേജ്മെന്റ് കണക്കുകൂട്ടുന്നു. അതോടൊപ്പം ചെല്‍സിയുടെ ഫ്രഞ്ച് സ്ട്രൈക്കർ ഒലിവർ ജിറൗഡും ടീമില്‍ നിന്ന് ഒഴിവാകാൻ ആഗ്രഹിക്കുന്നു. ജിറൗഡ് ഇറ്റാലിയൻ ക്ലബായ എസി മിലാനിലേക്ക് ചേക്കേറിയതായാണ് വാർത്തകൾ.
ഹാളണ്ട് പോകുമെന്ന് ആരു പറഞ്ഞു?
അതേസമയം, ഹാളണ്ട് ടീം വിടുമെന്ന വാർത്തകൾ അസംബന്ധമാണെന്ന നിലപാടിലാണ് ജർമൻ ക്ലബായ ബൊറുസിയ ഡോർട്മുണ്ട്. അടുത്ത സീസണിലും ഹാളണ്ട് ഡോർട്മുണ്ടില്‍ തന്നെയുണ്ടാകുമെന്നാണ് ടീമിന്റെ സ്പോർട്ടിങ് ഡയറക്ടറായ മൈക്കല്‍ സോർക് പറയുന്നത്.