ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ആറാം ഘട്ട കൊവിഡ് 19 ടെസ്റ്റ് പൂർത്തിയായപ്പോൾ ആർക്കും പൊസീറ്റീവ് റിസല്‍ട്ടില്ല. ഇതോടെ ആശ്വാസം കൊള്ളുകയാണ് പ്രീമിയർ ലീഗ് ആരാധകർ. കൂടുതല്‍ കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കില്‍ ജൂണ്‍ 17-ന് ആരംഭിക്കേണ്ട പ്രീമിയർ ലീഗ് അനിശ്ചിതത്വത്തില്‍ ആകുമായിരുന്നു.
ഫുട്‌ബോൾ താരങ്ങളും ജീവനക്കാരും അടക്കം 1,195 പേരെയാണ് കൊവിഡ് 19 ടെസ്റ്റിന് വിധേയരാക്കിയത്. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയുമായാണ് ടെസ്റ്റ് നടന്നത്. ലീഗില്‍ കഴിഞ്ഞ അഞ്ച് തവണകളിലായി നടത്തിയ 5,079 കൊവിഡ് 19 ടെസ്റ്റുകളില്‍ 13 പോസിറ്റീവ് റിസല്‍ട്ടുകളാണ് ലഭിച്ചത്. കൊവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച 13 പേരെയും ആദ്യ ഘട്ടത്തില്‍ ഒരാഴ്‌ചത്തെ സെല്‍ഫ് ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. തുടർ പരിശോധനകൾ നടത്തിയ ശേഷം രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമെ ഇവരെ ടീമിന്‍റെ ഭാഗമാകാന്‍ അനുവദിക്കൂ.
കൊവിഡ് 19 പശ്ചാത്തലത്തില്‍ കഴിഞ്ഞ മാർച്ച് മാസം മുതല്‍ 100 ദിവസത്തോളമായി ഇപിഎല്‍ നിർത്തിവെച്ചിരിക്കുകയാണ്. ജൂണ്‍ 17-ന് പുനരാരംഭിക്കുന്ന ലീഗിലെ ആദ്യ മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയും ഷെന്‍ഫീല്‍ഡും തമ്മില്‍ ഏറ്റുമുട്ടും. മണിക്കൂറുകൾക്കുള്ളില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ ആഴ്‌സണല്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റർ സിറ്റിയെ എതിരിടും.