മാഡ്രിഡ്: ലാലിഗയില്‍ റയല്‍ മാഡ്രിഡിന് വരാനിരിക്കുന്നത് ഒമ്പത് ഫൈനല്‍ മത്സരങ്ങളാണെന്ന് പരിശീലകന്‍ സിനദന്‍ സിദാന്‍. വലന്‍സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് റയല്‍ പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു സിദാന്‍.
വലന്‍സിയക്കെതിരെ ഹോം ഗ്രൗണ്ടില്‍ ആധികാരിക ജയമാണ് റയല്‍ സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കരീം ബെന്‍സിമയുടെ ഇരട്ടഗോളുകളുടെ പിന്‍ബലത്തിലായിരുന്നു റയലിന്റെ ജയം. ആദ്യ പകുതിയില്‍ വലന്‍സിയ നന്നായി കളച്ചു. റയലിന്റെ പ്രകടനത്തില്‍ സംതൃപ്തനാണ്. മികച്ച ടീമിനെയാണ് എതിരിടേണ്ടി വന്നത്. ആധികാരിക ജയമാണ് സ്വന്തമാക്കിയതെന്നും സിദാന്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് 19-നെ അതിജീവിച്ച് പുനരാരംഭിച്ച സ്പാനിഷ് ലാലിഗയില്‍ റയല്‍ തുടര്‍ച്ചയായ രണ്ടാമത്തെ ജയമാണ് വലന്‍സിയക്കെതിരെ സ്വന്തമാക്കിയത്. നിലവില്‍ പോയിന്റ് പട്ടികയില്‍ 62 പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്താണ്. 64 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയേക്കാള്‍ രണ്ട് പോയിന്റന്റെ കുറവ് മാത്രമാണ് റയലിന് ഉള്ളത്. ലീഗില്‍ കിരീട പോരാട്ടം തുടരുന്ന ഇരു ടീമുകള്‍ക്കും ഇനി ഒമ്പത് മത്സരങ്ങളാണ് അവശേഷിക്കുന്നത്. റിയല്‍ സോസിഡാസിനെതിരെ ജൂണ്‍ 22-നാണ് റയലിന്റെ അടുത്ത മത്സരം. അതേസമയം ബാഴ്‌സലോണ അടുത്ത മത്സരത്തില്‍ സെവില്ലയെ നേരിടും.