മാഡ്രിഡ്: പി എസ് ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പയെ സ്വന്തമാക്കാനൊരുങ്ങി റയല്‍ മാഡ്രിഡ്. ഇന്നേവരെ ഒരു താരത്തിനും നല്‍കാത്ത വാഗ്ദാനവും റയല്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്‍റസിലേക്ക് ചേക്കേറിയതിന്‍റെ ക്ഷീണം മാറ്റാൻ റയലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും നിറം മങ്ങിയ പ്രകടനമാണ് റയല്‍ പുറത്തെടുത്തത്. റിപ്പോർട്ടുകൾ പ്രകാരം 280 മില്ല്യൻ യൂറോയാണ് എംബാപ്പെയ്ക്ക് വേണ്ടി റയല്‍ നീക്കിവച്ചിരിക്കുന്നത്. റയലിന്‍റെ വാഗ്ദാനം സ്വീകരിച്ചാല്‍ പി എസ് ജി നെയ്മറിനെ സ്വന്തമാക്കിയ റെക്കോഡ് തുകയാണ് എംബാപ്പെ മറികടക്കുക.
എംബാപ്പെയ്ക്ക് പുറമെ ചെല്‍സിയില്‍ നിന്നും ഈദൻ ഹസാർഡിനെയും മാഞ്ചസ്റ്റർ യുണൈറ്റഡില്‍ നിന്നും പോൾ പോഗ്ബയേയും ടീമിലെത്തിച്ച് കരുത്തോടെ ഈ സീസൺ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് സിനദിൻ സിദാന്‍റെ റയല്‍ മാഡ്രിഡ്.