പാരിസ് : കഴിഞ്ഞ ദിവസം നടന്ന പാരിസ് സെയ്‌ന്‍റ് ജർമൻ- മാർസെ മത്സരം താരങ്ങൾ തമ്മിലുള്ള കൂട്ടത്തല്ലിലും അഞ്ച് ചുവപ്പുകാർഡിലുമാണ് അവസാനിച്ചത്. ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർക്ക് അടക്കമാണ് ചുവപ്പുകാർഡ് ലഭിച്ചത്. മാർസെ ഒരു ഗോളിന് ജയിച്ച മത്സരത്തില്‍ 12 താരങ്ങൾക്ക് മഞ്ഞക്കാർഡും ലഭിച്ചിരുന്നു. ചുവപ്പുകാർഡ് കണ്ട് പുറത്തു പോകുമ്പോൾ മാർസെ പ്രതിരോധ താരം അല്‍വരോ ഗോൺസാല്‍വസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന് നെയ്‌മർ ആരോപിച്ചിരുന്നു. അതിനു ശേഷം ഇരു താരങ്ങളും സോഷ്യല്‍ മീഡിയയിലും ഏറ്റമുട്ടി.
ഇപ്പോഴിതാ, മത്സരത്തിനിടെയുണ്ടായ സംഭവങ്ങളില്‍ നടപടി എടുക്കാനൊരുങ്ങുകയാണ് ഫ്രാൻസ് പ്രൊഫഷണല്‍ ഫുട്‌ബോൾ ഗവേണിങ് ബോഡി. മത്സരത്തിനിടെ അല്‍വരോ ഗോൺസാല്‍വസിനെ മർദ്ദിച്ച നെയ്‌മർക്ക് ഏഴ് മത്സരങ്ങളില്‍ നിന്ന് വരെ വിലക്ക് ഉണ്ടാകാമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നെയ്‌മർക്ക് വിലക്ക് വന്നാല്‍ അത് പിഎസ്‌ജിയുടെ ഭാവിയെ ബാധിക്കും. ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരങ്ങളില്‍ തോറ്റ് തുടങ്ങിയ പിഎസ്‌ജിക്ക് നെയ്‌മർ മാറി നില്‍ക്കേണ്ടി വന്നാല്‍ കിരീടം നിലനിർത്തുന്നതില്‍ പ്രതികൂലമായി ബാധിക്കും.
അതേസമയം, നെയ്‌മറെ വംശീയമായി അധിക്ഷേപിച്ചു എന്ന് തെളിഞ്ഞാല്‍ അല്‍വരോ ഗോൺസാല്‍വസിന് പത്ത് മത്സരത്തില്‍ നിന്ന് വരെ വിലക്ക് ലഭിച്ചേക്കാം. എന്നാല്‍ വംശീയമായി അധിക്ഷേപിച്ചിട്ടില്ല എന്നാണ് ഗോൺസാല്‍വസിന്‍റെ നിലപാട്. ചിലപ്പോഴെല്ലാം തോല്‍വി അംഗീകരിക്കാനും കഴിയണം. എന്നാണ് ഗോൺസാല്‍വസ് നെയ്‌മർക്ക് മറുപടി നല്‍കിയത്.
എന്നാല്‍ വംശീയതയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് നെയ്‌മർ മത്സര ശേഷം സാമൂഹികമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചത്. " ഞാൻ കറുത്തവർഗക്കാരനാണ്, കറുത്തവർഗക്കാരന്‍റെ മകനാണ്, മുത്തച്ഛനും കറുത്ത വർഗക്കാരനാണ്. ഞാൻ അതില്‍ അഭിമാനിക്കുന്നു" എന്നാണ് നെയ്‌മർ എഴുതിയത്. " മത്സരത്തിനിടെ എനിക്ക് അബദ്ധം സംഭവിച്ചു. ഒരു വിഡ്ഡി ചെയ്‌തതിന് ഞാൻ മറുപടി നല്‍കരുതായിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചു. ഇപ്പോഴും വംശീയത നിലനില്‍ക്കുന്നു, നമുക്കത് അവസാനിപ്പിക്കണം. നമുക്കിനിയും കാണണം. ഇതാണ് എന്‍റെ വഴി. ഫുട്‌ബോൾ കളിക്കണം. സമാധാനത്തോടെ ഇരിക്കാം. നിനക്കറിയാം നീ എന്താണ് പറഞ്ഞതെന്ന്, എനിക്കറിയാം ഞാൻ എന്താണ് ചെയ്തതെവന്ന്," നെയ്‌മറുടെ കുറിപ്പ് ഇങ്ങനെയാണ് അവസാനിക്കുന്നത്. സേ നോ ടു റേസിസം എന്ന ഹാഷ് ടാഗോടെയാണ് നെയ്‌മർ കുറിപ്പ് ഷെയർ ചെയ്തത്.