റോം: സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കാന്‍ യുവന്‍റസിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ നിര്‍ണായകമാണ്. സീരി എയില്‍ കപ്പടിച്ച ഇന്‍റര്‍മിലാനെതിരെ നാളെ രാത്രി 9.30ന് നടക്കുന്ന പോരാട്ടമാണ് യുവന്‍റസ് നേരിടുന്ന പ്രധാന വെല്ലുവിളി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങള്‍ ബൂട്ടുകെട്ടിയിട്ടും യുവന്‍റസിന് പത്താം തവണയും സീരി എ കിരീടമെന്ന റെക്കോഡ് നേട്ടം സ്വന്തമാക്കാനായില്ല.
യുവന്‍റസിന് വേണ്ടി 100 ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയെങ്കിലും ഇത്തവണ ക്ലബിന്‍റെ ഷെല്‍ഫില്‍ കപ്പെത്തിക്കാന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് സാധിച്ചിട്ടില്ല. കിരീടം കൈവിട്ടതിന് പുറമെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് യുവന്‍റസ് തഴയപ്പെട്ടു.
കൂടുതല്‍ വായനക്ക്: പ്രഭ മങ്ങി സൂപ്പർ താരം, മാന്ത്രികൻ വന്നിട്ടും രക്ഷയില്ല, യുവന്‍റസിന് നഷ്ടവും നാണക്കേടും മാത്രം
സീരി എയില്‍ രണ്ട് മത്സരങ്ങള്‍ വീതമാണ് എല്ലാ ക്ലബുകള്‍ക്കും ശേഷിക്കുന്നത്. ഈ സീസണില്‍ യുവന്‍റസില്‍ നിന്നും കപ്പ് സ്വന്തമാക്കിയ ഇന്‍റര്‍ മിലാനാണ് റോണോയുടെയും കൂട്ടരുടെയും അടുത്ത എതിരാളികള്‍. നിര്‍ണായക മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ അടുത്ത സീസണില്‍ യുവന്‍റസ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുന്ന കാര്യം സംശയമാണ്. ലീഗില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന നാപ്പോളിയെ മറികടന്നാലെ യുവന്‍റസിന്‍റെ പ്രതീക്ഷകള്‍ സഫലമാകൂ. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ നാപ്പോളി ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കും. താരതമ്യേന ദുര്‍ബലരായ വെറോണയും ഫിയൊറെന്‍റീനയുമാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ നാപ്പോളിയുടെ എതിരാളികള്‍. അതിനാല്‍ തന്നെ ഇന്‍റര്‍ മിലാനെതിരായ മത്സരം യുവന്‍റസിന് ജീവന്‍മരണ പോരാട്ടമാണ്.
കൂടുതല്‍ വായനക്ക്: ഓള്‍ഡ് ട്രാഫോഡില്‍ വീണ്ടും പ്രതിഷേധം; യുണൈറ്റഡിന് കളത്തിന് പുറത്തും വെല്ലുവിളികള്‍
എല്ലാം കൊണ്ടും യുവന്‍റസ് കെട്ട കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. പോയിന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ ഉള്‍പ്പെട്ടാലും അടുത്ത സീസണില്‍ കളിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഭാഗമായതാണ് ഇറ്റാലിയന്‍ കരുത്തര്‍ക്ക് തിരിച്ചടിയായത്.
സൂപ്പര്‍ ലീഗിന്‍റെ ഭാഗമായതോടെ യുവേഫയുടെ അന്വേഷണം നേരിടുകയാണ് യുവന്‍റസ് ഉള്‍പ്പെടെ മൂന്ന് ക്ലബുകള്‍. യുവന്‍റസും റയല്‍ മാഡ്രിഡും ബാഴ്‌സലോണയും സൂപ്പര്‍ ലീഗില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ്. ഇതോടെ സീരി എയുടെ അടുത്ത സീസണില്‍ യുവന്‍റസ് കളിക്കുന്ന കാര്യവും സംശയമാണ്. സൂപ്പര്‍ ലീഗുമായി മുന്നോട്ട് പോകുന്ന പക്ഷം യുവന്‍റസ് ലീഗില്‍ കാണില്ലെന്ന നിലപാടിലാണ് സീരി എ അധികൃതര്‍. കൊവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പുറമെയാണ് യുവന്‍റസ് നേരിടേണ്ടിവരുന്ന ഈ പ്രതിസന്ധികള്‍.