ബെല്‍ഫാസ്റ്റ് (അയര്‍ലന്‍ഡ്): ഖത്തര്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാവാതെ വമ്പന്മാരായ ഇറ്റലിയും പോര്‍ച്ചുഗലും. ഇന്ന് ഗ്രൂപ്പ് സിയില്‍ നടന്ന യോഗ്യത മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡുമായി സമനിലയില്‍ കുരുങ്ങിയതാണ് യൂറോ കപ്പ് ജേതാക്കളായ ഇറ്റലിക്ക് തിരിച്ചടിയായത്.
ഗോള്‍ രഹിത സമനിലയിലാണ് ഇരു സംഘവും പിരിഞ്ഞത്. നേരിട്ട് യോഗ്യതയ്‌ക്കുള്ള സാധ്യത നില നിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന നിര്‍ണായക മത്സരത്തിനാണ് ഇറ്റലി അയര്‍ലന്‍ഡിനെതിരെ ഇറങ്ങിയിരുന്നത്. 72 ശതമാനവും പന്ത് കൈവശം വെയ്‌ക്കാന്‍ ഇറ്റലിക്കായെങ്കിലും ഗോള്‍ കണ്ടെത്താനാവാത്തതാണ് ടീമിന് തിരിച്ചടിയായത്.
also read:ചുകന്ന ചെകുത്താന്മാരുടെ കോട്ടയിലേക്ക് സിദാന്‍?; സോൾഷ്യേറിന് സ്ഥാനം തെറിക്കുമെന്ന് റിപ്പോര്‍ട്ട്
ഗ്രൂപ്പില്‍ എട്ട് മത്സരങ്ങളില്‍ നാല് വീതം വിജയവും സമനിലയുമുള്ള സംഘം 16 പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ നിന്നും 18 പോയിന്‍റുമായി ഒന്നാം സ്ഥാനത്തെത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. ഇതോടെ ഖത്തറില്‍ പന്തുതട്ടാന്‍ ഇറ്റലിക്ക് പ്ലേ ഓഫ് കളിക്കണം. 2018 ലോകകപ്പിന് യോഗ്യത നേടാനാവത്ത ഇറ്റലിയെ സംബന്ധിച്ച് പ്ലേ ഓഫ് ഓര്‍മ്മ അത്രത്തോളം മനോഹരമല്ല.
- " class="align-text-top noRightClick twitterSection" data="
">
ക്രിസ്റ്റ്യാനോയ്‌ക്കും പോര്‍ച്ചുഗലിനും കാത്തിരിക്കണം
ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരത്തില്‍ സെർബിയയോട് തോല്‍വി വഴങ്ങിയ പോര്‍ച്ചുഗലിന് ഖത്തറിലേക്ക് നേരിട്ട് ടിക്കറ്റുറപ്പിക്കാനായില്ല. ഒന്നിനെതിരെ രണ്ട് ഗോളിനാണ് സെർബിയ പോര്‍ച്ചുഗലിനെ കീഴടക്കിയത്. മത്സരത്തിന്‍റെ രണ്ടാം മിനിട്ടില്‍ റെനറ്റോ സാഞ്ചസിലൂടെ മുന്നിലെത്താന്‍ പോര്‍ച്ചുഗലിനായിരുന്നു. എന്നാല്‍ 33ാം മിനിട്ടില്‍ ദുസാൻ ടാഡികിലൂടെ തിരിച്ചടിച്ച സെർബിയ 90ാം മിനിട്ടില്‍ അലക്‌സാണ്ടർ മിട്രോവിച്ചിലൂടെ ജയം പിടിച്ചു.
കളിയില്‍ സമനില നേടിയാല്‍ പോലും നേരിട്ട് യോഗ്യത നേടാന്‍ പോര്‍ച്ചുഗലിനാവുമായിരുന്നു. എന്നാല്‍ ജയത്തോടെ ഗ്രൂപ്പില്‍ നിന്നും സെര്‍ബിയ ഖത്തര്‍ ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്‌തു. എട്ട് മത്സരങ്ങളില്‍ ആറ് വിജയവും രണ്ട് സമനിലയുമുള്ള സെര്‍ബിയക്ക് 20 പോയിന്‍റാണുള്ളത്.
എന്നാല്‍ എട്ട് മത്സരങ്ങളില്‍ അഞ്ച് വിജയം നേടിയ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്താണ്. രണ്ട് സമനിലയും ഒരു തോല്‍വിയും വഴങ്ങിയ സംഘത്തിന് 17 പോയിന്‍റാണുള്ളത്.