ദോഹ : 2022ലെ ഫുട്ബോള്‍ ലോകകപ്പില്‍ കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാത്ത കാണികള്‍ക്ക് മാത്രമാവും പ്രവേശനമുണ്ടാവുകയെന്ന് ഖത്തര്‍ പ്രധാനമന്ത്രി. സ്വന്തം രാജ്യത്ത് വാക്‌സിന്‍ ലഭ്യമല്ലാത്ത ആരാധകര്‍ക്കായി പത്ത് ലക്ഷം ഡോസ് വാക്‌സിനുകള്‍ നല്‍കുമെന്നും ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍ അസീസ് അല്‍ താനി പറഞ്ഞു.
'2022ലെ ഖത്തര്‍ ലോക കപ്പിന്‍റെ തിയ്യതിയാവുമ്പോഴേക്കും ലോകത്തെ മിക്ക രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് പ്രതിരോധ കുത്തിവയ്‌പ്പ് നൽകിയിട്ടുണ്ടാകും. ചില രാജ്യങ്ങള്‍ക്ക് അവരുടെ പൗരന്മാര്‍ക്ക് വാക്സിന്‍ നല്‍കാനാവാത്ത സാഹചര്യം ഉണ്ടായാല്‍,പൂര്‍ണമായും പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാത്ത ഒരാളെയും സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
also read:'ഭുവിയെ മിസ് ചെയ്യുന്നു'; മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോപ്ര
ഖത്തറിലേക്ക് ലോകകപ്പ് കാണാന്‍ വരുന്ന പത്ത് ലക്ഷം പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാന്‍ ഒരു കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുകയെന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം'- ഷെയ്ഖ് ഖാലിദ് പറഞ്ഞു.
2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തര്‍ ലോകകപ്പ്. അറബ് മേഖലയിലെ ആദ്യത്തെ ഫിഫ ലോകകപ്പിനാണ് ഖത്തര്‍ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്. ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന ലുസൈല്‍ സ്റ്റേഡിയമടക്കം മൂന്ന് സ്റ്റേഡിയങ്ങളുടെ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.