ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബോക്‌സിങ് ഡേ മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സണല്‍, ടോട്ടൻഹാം എന്നീ ടീമുകള്‍ക്ക് വിജയം. മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്റർ സിറ്റിയേയും, ആഴ്‌സണല്‍ നോർവിച്ച് സിറ്റിയെയും, ടോട്ടൻഹാം ക്രിസ്റ്റൽ പാലസിനേയുമാണ് കീഴടക്കിയത്.
മാഞ്ചസ്റ്റര്‍ സിറ്റി vs ലെസ്റ്റർ സിറ്റി
ലെസ്റ്റർ സിറ്റിക്കെതിരെ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഗോള്‍ വര്‍ഷമാണ് നടത്തിയത്. മൂന്നിനെതിരെ ആറ് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. റഹീം സ്റ്റെർലിങ് (25(P)), 87 മിനിട്ട്) ഇരട്ട ഗോൾ നേടിയപ്പോൾ കെവിൻ ഡിബ്രൂയിൻ (5ാം മിനിട്ട്) , റിയാദ് മെഹറസ് (14ാം മിനിട്ട് (P)) , ഇൽകായ് ഗുൺഡോഗൻ (21ാം മിനിട്ട്), അയ്‌മറിക് ലപ്പോർട്ട (69ാം മിനിട്ട്) എന്നിവരും സിറ്റിക്കായി ലക്ഷ്യം കണ്ടു.
ജയിംസ് മാഡിസൺ (55ാം മിനിട്ട്) , അഡെമോല ലുക്മാൻ (59ാം മിനിട്ട്), കെലേചി ഇഹാനാച്ചോ (65ാം മിനിട്ട്) എന്നിവരാണ് ലെസ്റ്ററിന്‍റെ ഗോള്‍ സ്‌കോറര്‍മാര്‍. വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. 19 മത്സരങ്ങളില്‍ 47 പോയിന്‍റാണ് സംഘത്തിനുള്ളത്. 41 പോയിന്‍റുമായി രണ്ടാമതുള്ള ലിവര്‍പൂളിനേക്കാള്‍ ആറ് പോയിന്‍റിന്‍റെ വ്യത്യാസമാണ് സിറ്റിക്കുള്ളത്.
ആഴ്‌സണല്‍ vs നോർവിച്ച് സിറ്റി
നോർവിച്ച് സിറ്റിക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ആഴ്‌സണല്‍ വിജയം നേടിയത്. ബുകായോ സാക്ക ഇരട്ട ഗോള്‍ നേട്ടം ആഘോഷിച്ചപ്പോള്‍ (6, 67 മിനിട്ടുകള്‍) കീരൻ ടിയർണി (44ാം മിനിട്ട്) , അലക്സാന്ദ്രേ ലകാസറ്റേ (89ാം മിനിട്ട് (P)), എമിൽ സ്മിത്ത് (91ാം മിനിട്ട്) എന്നിവരും ലക്ഷ്യം കണ്ടു.
വിജയത്തോടെ 19 മത്സരങ്ങളില്‍ 35 പോയിന്‍റുമായി ആഴ്സണൽ നാലാം സ്ഥാനത്ത് തുടരുകയാണ്.
ടോട്ടൻഹാം vs ക്രിസ്റ്റൽ പാലസ്
പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ടോട്ടൻഹാം ക്രിസ്റ്റൽ പാലസിനെ കീഴടക്കിയത്. 32ാം മിനിട്ടില്‍ ഹാരി കെയ്‌നിലൂടെയാണ് ടോട്ടന്‍ഹാം ഗോളടി തുടങ്ങിയത്. തുടര്‍ന്ന് 34ാം മിനിട്ടില്‍ ലൂക്കാസ് മൗറയും 74ാം മിനിട്ടില്‍ സോൻ ഹ്യൂങ് മിനും ലക്ഷ്യം കണ്ടു.
37ാം മിനിട്ടില്‍ വിൽഫ്രഡ് സാഹ ചുവപ്പ് കണ്ട് പുറത്ത് പോയതോടെ 10 പേരുമായാണ് ക്രിസ്റ്റൽ പാലസ് മത്സരം പൂര്‍ത്തിയാക്കിയത്. വിജയത്തോടെ ടോട്ടൻഹാം അഞ്ചാം സ്ഥാനത്തേക്ക് കയറി. 16 മത്സരങ്ങളില്‍ നിന്നും 29 പോയിന്‍റാണ് സംഘത്തിനുള്ളത്.