ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് വിലങ്ങുതടിയായി കുത്തനെ ഉയരുന്ന കൊവിഡ് കേസുകൾ. ഏറ്റവുമൊടുവിൽ ചെൽസിയിലെ താരങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെൽസിയുടെ പ്രധാന താരമായ റൊമേലു ലുക്കാക്കു, തിമോ വെർണർ, ക്യാലം ഹഡ്‌സണ്‍ ഒഡോയ്, ബെൻ ചിൽവെൽ എന്നീ താരങ്ങൾക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ താരങ്ങൾ ഐസൊലേഷനിലാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ടീം മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്‌ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ഹോട്സ്പെർ, ലെസ്റ്റര്‍ സിറ്റി, ബ്രൈട്ടന്‍, ആസ്റ്റന്‍ വില്ല ടീമുകളിലെ താരങ്ങളും അധികൃതരും ഉൾപ്പെടെ 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേടെ ലീഗിലെ അഞ്ചോളം മത്സരങ്ങളും മാറ്റി വെച്ചിരുന്നു. ഇതിനിടെ ഒമിക്രോണും പിടിമുറുക്കുന്ന സാഹചര്യത്തിൽ പ്രീമിയർ ലീഗ് മാറ്റിവെയ്‌ക്കുമെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു.
ALSO READ: ഒമിക്രോൺ പേടി, പ്രീമിയര്‍ ലീഗ് മാറ്റിവെച്ചേക്കും: ക്ലബുകള്‍ക്കും ആരാധകർക്കും ആശങ്ക
വാക്‌സിനേഷൻ പ്രക്രിയയുടെ വേഗത കുറവാണ് പ്രധാനമായും ക്ലബുകളുടെ ആശങ്ക വർധിപ്പിക്കുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും വാക്‌സിൻ ഡോസുകൾക്കിടയിൽ മൂന്ന് മാസത്തെ ഇടവേള നിർബന്ധമാക്കിയതിനാൽ വാക്‌സിൻ സ്വീകരിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ട അലസ്ഥയിലാണ് താരങ്ങൾ. അതിനാൽ തന്നെ സീസണ്‍ മാറ്റിവെയ്‌ക്കലിനെക്കുറിച്ച് അധികൃതർ ചിന്തിച്ച് തുടങ്ങിയതായാണ് വിവരം.