മാഡ്രിഡ് : മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആന്‍റണി മാർഷ്യൽ ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നതായി ഇടക്കാല പരിശീലകന്‍ റാൽഫ് റാങ്‌നികിന്‍റെ സ്ഥിരീകരണം. വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് റാങ്‌നികിന്‍റെ പ്രതികരണം.
'അതെ, ഞങ്ങൾ ഇന്നലെ ദീർഘമായി സംസാരിച്ചു, കഴിഞ്ഞ ഏഴ് വർഷമായി താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമാണെന്നും, ശരിയായ മാറ്റത്തിന് ഇതാണ് സമയമെന്നും അദ്ദേഹം എന്നോട് വിശദീകരിച്ചു.
താരത്തിന്‍റെ ആഗ്രഹം മനസിലാക്കാന്‍ തനിക്കാവും. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ക്ലബ്ബിന്‍റെ സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ക്ലബ്ബിന് ഇനിയും ഏറെ മത്സരങ്ങള്‍ ബാക്കിയുണ്ട്. അതില്‍ കഴിയുന്നത്ര വിജയം നേടുകയാണ് ലക്ഷ്യം.
മറ്റൊരു ടീമലേക്ക് പോകുന്നത് കളിക്കാരന്‍റെ താൽപ്പര്യം മാത്രമല്ല, അത് ക്ലബ്ബിന്‍റെ താൽപ്പര്യവും ആയിരിക്കണം. എനിക്കറിയാവുന്നിടത്തോളം, ഇതുവരെ മറ്റൊരു ക്ലബ്ബില്‍ നിന്നും ഒരു ഓഫറും ഉണ്ടായിട്ടില്ല. അങ്ങനെയുള്ളിടത്തോളം കാലം താരം യുണൈറ്റഡില്‍ തുടരും" റാങ്‌നിക് പറഞ്ഞു.
അതേസമയം യുണൈറ്റഡില്‍ നേരിടുന്ന കടുത്ത അവഗണനയെ തുടര്‍ന്നാണ് മാർഷ്യൽ ക്ലബ് വിടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്ന് ഏജന്‍റ് നേരത്തേ പ്രതികരിച്ചിരുന്നു. അടുത്ത ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ സ്ഥിരമായി കളിക്കാനാവുന്ന ഒരു ടീമിലേക്ക് ചേക്കേറാനാണ് താരം ശ്രമിക്കുകയെന്നും ഏജന്‍റ് പറഞ്ഞിരുന്നു.
also read: കോലിക്ക് പിഴയ്‌ക്കുന്നതെവിടെ? ; വിലയിരുത്തലുമായി സഞ്ജയ് ബാംഗര്‍
ചാമ്പ്യന്‍സ് ലീഗിന്‍റെ ഈ സീസണില്‍ വെറും രണ്ട് തവണ മാത്രമാണ് 26കാരനായ താരത്തിന് ടീമിന്‍റെ ആദ്യ ഇലവനില്‍ ഉള്‍പ്പെടാനായത്. അഞ്ച് മത്സരങ്ങളില്‍ പകരക്കാരനായും കളത്തിലെത്തി.
മൊണാക്കോയിൽ നിന്ന് 2015 സെപ്റ്റംബറിലാണ് ഫ്രഞ്ച് താരം യുണൈറ്റഡിലെത്തുന്നത്. ഒരു കൗമാര താരത്തിന് അക്കാലത്ത് ലഭിച്ച ഏറ്റവും വലിയ തുകയ്‌ക്കാണ് മാർഷ്യലിനെ യുണൈറ്റഡ് സ്വന്തമാക്കിയത്. തുടര്‍ന്ന് 2019-ൽ പുതുക്കിയ കരാര്‍ പ്രകാരം മാർഷലിന് ഇനിയും മൂന്ന് വർഷം ക്ലബ്ബില്‍ ബാക്കിയുണ്ട്. ഒരുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാവുന്ന തരത്തിലാണ് താരവുമായി കരാറുള്ളത്.