സാല്‍വദോർ: കോപ്പ അമേരിക്ക ടൂർണമെന്‍റില്‍ നിന്ന് സെമി കാണാതെ ലാറ്റിനമേരിക്കൻ വമ്പൻമാരായ ഉറുഗ്വേ പുറത്ത്. പെനാല്‍റ്റിയില്‍ പെറുവിനോട് പരാജയപ്പെട്ടാണ് ഉറുഗ്വേ പുറത്തായത്. നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഉറുഗ്വേയെ പെറു കീഴടക്കിയത്. സൂപ്പർ താരം സുവാരസിന്‍റെ പിഴവാണ് ഉറുഗ്വെയ്ക്ക് വിനയായത്.
നിശ്ചിത സമയത്ത് ഗോൾ നേടാൻ ഇരുടീമുകൾക്കും സാധിക്കാതെ വന്നതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ആദ്യ കിക്കെടുക്കാൻ വന്ന സുവാരസായിരുന്നു. എന്നാല്‍ ആ കിക്ക് പന്ത് പെറു ഗോൾകീപ്പറുടെ നെഞ്ചില്‍ തട്ടി പുറത്തേക്ക് പോയി. ഷൂട്ടൗട്ടില്‍ നഷ്ടമായ ഒരേയൊരു പെനാല്‍റ്റിയും സുവാരസിന്‍റേതായിരുന്നു. ലോകോത്തര താരമായ സുവാരസിന്‍റെ ഭാഗത്ത് നിന്ന് ആരും അങ്ങനെയൊരു മിസ് പ്രതീക്ഷിച്ചിരുന്നില്ല. മൂന്ന് തവണ ഗോൾ നേടിയിട്ടും ഓഫ് സൈഡിന്‍റെ പേരില്‍ ഗോൾ നിഷേധിക്കിപ്പെട്ടതിന് പിന്നാലെയാണ് പെനാല്‍റ്റിയില്‍ ഉറുഗ്വെ പുറത്തായത്.
ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിലെത്തിയ ഉറുഗ്വെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പുറത്താവുന്ന മൂന്നാമത്തെ രാജ്യമായി. നേരത്തെ ബ്രസീല്‍ പരാഗ്വെയും ചിലി കൊളംബിയെയും പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. 15 തവണ കോപ്പ അമേരിക്ക കിരീടം നേടിയ ഉറുഗ്വെ 2011ലാണ് ഏറ്റവും ഒടുവില്‍ കിരീടം നേടിയത്.
സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയാണ് പെറുവിന്‍റെ എതിരാളികൾ. ആദ്യ സെമി ചിരവൈരികളായ ബ്രസീലും അർജന്‍റീനയും തമ്മിലാണ്. ബുധനാഴ്ചയാണ് ബ്രസീല്‍ - അർജന്‍റീന പോരാട്ടം.