ബാഴ്‌സലോണ : ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസി ബാഴ്‌സലോണയിൽ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്‌സി സ്‌പാനിഷ് യുവതാരം പെഡ്രി ഗോൺസാലസിന് ലഭിച്ചേക്കും. മെസിയുടെ പത്താം നമ്പർ ജേഴ്‌സി റിട്ടയർ ചെയ്യണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം ബാഴ്‌സ താരങ്ങളുടെ ജേഴ്‌സി നമ്പർ പുറത്തിറക്കിയിരുന്നു. 1 മുതൽ 20 വരെയുള്ള ജേഴ്‌സിയിൽ രണ്ട് നമ്പറുകൾ മാത്രമാണ് ഇല്ലാതിരുന്നത്. മെസിയുടെ പത്താം നമ്പറും കഴിഞ്ഞ സീസണിൽ പെഡ്രി അണിഞ്ഞ പതിനാറാം നമ്പറും. ഇതോടെയാണ് പുതിയ അഭ്യൂഹങ്ങൾ ഉയർന്നുതുടങ്ങിയത്.
മെസിയുടെ പത്താം നമ്പർ ജേഴ്‌സി റിട്ടയർ ചെയ്യണമെന്ന ആവശ്യം ആരാധകരിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും ലാ ലിഗയുടെ നിയമപ്രകാരം 1 മുതൽ 25 നമ്പർ വരെയുള്ള ജേഴ്‌സികൾ നിർബന്ധമായും ക്ലബുകൾ ഉപയോഗിക്കേണ്ടതാണ്. അതിനാൽ തന്നെ പത്താം നമ്പർ പെഡ്രിക്ക് ലഭിക്കുമെന്നാണ് വിവരം.
ALSO READ: അഗ്യൂറോയ്ക്ക് പരിക്ക് ; ബാഴ്‌സലോണയ്ക്ക് വീണ്ടും തിരിച്ചടി
അതേസമയം, ജോവാൻ ഗാമ്പർ ട്രോഫി സൗഹൃദ മത്സരത്തിൽ ബാഴ്‌സലോണ യുവന്‍റസിനെതിരെ തകർപ്പൻ ജയം നേടി. ഇതിഹാസ താരം ലയണൽ മെസി ഔദ്യോഗികമായി ക്ലബ് വിട്ടതിനു ശേഷം കളിക്കുന്ന ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സയുടെ വിജയം. ലിയോണിൽ നിന്ന് ഈ സീസണിൽ ടീമിലെത്തിയ ഡച്ച് താരം മെംഫിസ് ഡിപായും, മാർട്ടിൻ ബ്രാത്‌വെയ്റ്റും, യുവതാരം റിക്കി പുജും ബാഴ്‌സക്കായി ഗോളുകൾ നേടി.