പാരീസ് : ഫ്രഞ്ച് ക്ലബ് പാരീസ് സെന്‍റ് ജെർമെയ്നില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അരങ്ങേറ്റത്തിന് ആരാധകര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.
ശനിയാഴ്ച സ്ട്രാസ്ബർഗുമായി നടക്കുന്ന ലീഗ് 1-മത്സരത്തില്‍ മെസി കളിക്കില്ലെന്ന് പിഎസ്‌ജി കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ വ്യക്തമാക്കി.
മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു പോച്ചെറ്റിനോയുടെ പ്രതികരണം. 'ഒരു സമയം നമ്മള്‍ ഒരു ചുവടാണ് മുന്നോട്ടുവയ്‌ക്കേണ്ടത്. കളിക്കാന്‍ അദ്ദേഹം മാനസികമായി കൂടി തയ്യാറാവുകയെന്നതിനാണ് മുന്‍ഗണന.
ഒരു മാസം മുമ്പ്, അദ്ദേഹം കോപ്പ അമേരിക്ക ഫൈനൽ കളിച്ചു, മികച്ച സാഹചര്യങ്ങളിലാണ് അദ്ദേഹം അരങ്ങേറ്റം കുറിക്കേണ്ടത്. പക്ഷേ, നമുക്കെല്ലാവർക്കും അറിയാവുന്ന പക്വതയുള്ള മെസിയെ ഞാൻ കണ്ടിട്ടുണ്ട്.
സന്തോഷവും അവിശ്വസനീയമായ ഊർജവുമുള്ള മെസിയെയാണ് ഞാൻ കണ്ടിട്ടുള്ളത് " - പോച്ചെറ്റിനോ പറഞ്ഞു.
Also read: മലയാളികൾക്ക് ഓണാശംസ നേർന്ന് മാഞ്ചസ്റ്റര്‍ സിറ്റി; ആവേശത്തിൽ ആരാധകർ
അതേസമയം കഴിഞ്ഞ ദിവസം മെസി പിഎസ്‌ജിക്കൊപ്പം പരിശീലനം നടത്തിയിരുന്നു. എന്നാവും ഫ്രഞ്ച് ക്ലബ്ബിലെ അരങ്ങേറ്റമെന്നത് പറയാനാവില്ലെന്നും എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നുമായിരുന്നു മെസിയുടെ പ്രതികരണം.
'നിങ്ങളോട് ഒരു തിയ്യതി പറയാന്‍ എനിക്കാവില്ല. പരിശീലനത്തെയും മറ്റ് തീരുമാനങ്ങളെയും ആശ്രയിച്ചായിരിക്കും അതുണ്ടാവുക. അന്തിമമായി ഞാൻ തയ്യാറാണെന്ന് പരിശീലകർ കരുതുന്നതിനെ ആശ്രയിച്ചുമായിരിക്കും അതുണ്ടാവുക" മെസി പറഞ്ഞു.