ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗാലറികള്‍ വീണ്ടും സജീവമാകുന്നു. മെയ് 17 മുതല്‍ ഗാലറിയുടെ വലിപ്പമനുസരിച്ച് 10,000 പേര്‍ക്ക് വരെ പ്രവേശനം അനുവദിക്കും. വിംബ്ലി ഉള്‍പ്പെടെയുള്ള സ്റ്റേഡിയങ്ങളില്‍ നടക്കുന്ന മത്സരങ്ങളിലാകും 10,000 പേരെ അനുവദിക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗാലറിയുടെ മൊത്തം ശേഷിയുടെ പകുതി ആളുകളെ മാത്രമാണ് അനുവദിക്കുക.
നാല് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായാണ് ഗാലറിയില്‍ കാണികളെ അനുവദിക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവിന്‍റെ മൂന്നാം ഘട്ടത്തിലാണ് സ്റ്റേഡിയങ്ങളില്‍ ഉള്‍പ്പെടെ കാണികളെ അനുവദിക്കുക. അതേസമയം എഫ്‌എ കപ്പിലെയും കറബാവോ കപ്പിലെയും കലാശപ്പോരുകള്‍ നേരില്‍ കാണാന്‍ കാണികള്‍ക്ക് അവസരം ലഭിച്ചേക്കില്ല. ഇരു ടൂര്‍ണമെന്‍റുകളിലെയും ഫൈനല്‍ പോരാട്ടം മെയ് പകുതിക്ക് മുമ്പ് പൂര്‍ത്തിയാകും.
കൊവിഡ് 19ന്‍റെ പുതിയ വകഭേദം ലണ്ടനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗാലറികളിലേക്ക് കാണികള്‍ പ്രവേശിക്കുന്നത് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് വിലക്കിയത്. കൊവിഡ് 19 ഇളവിനെ തുടര്‍ന്ന് ആരാധകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. പിന്നീട് വകഭേദം വന്ന കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനാണ് ഇപ്പോള്‍ അയവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.