വാർസൗ: ഫിഫ അണ്ടർ-20 ലോകകപ്പില്‍ ട്രിപ്പിൾ ഹാട്രിക് നേടി നോർവെ താരം എർലിംഗ് ഹാളണ്ട്. ഹോണ്ടുറാസിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒമ്പത് ഗോളുകൾ നേടിയാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്. അണ്ടർ-20 ലോകകപ്പ് മത്സരത്തില്‍ ഒരു താരം നേടുന്ന ഏറ്റവും കൂടുതല്‍ ഗോളുകൾ എന്ന റെക്കോഡും എർലിംഗ് ഹാളണ്ട് ഈ മത്സരത്തിലൂടെ നേടി.
കളിയുടെ ഏഴ്, 20, 36, 43, 50, 67, 77, 88, 90 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്‍റെ ഗോളുകൾ. മത്സരത്തില്‍ നോർവെ 12 ഗോളുകൾക്കാണ് ഹോണ്ടുറാസിനെ തകർത്തത്. ലിയോ സ്റ്റിഗാർഡ്, പീറ്റർ ഹ്യൂഗ്, ഈമാൻ മർക്കോവിച്ച് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ലീഡ്സിന്‍റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മുൻ താരമായ ആല്‍ഫ് ഹാളണ്ടിന്‍റെ മകനാണ് എർലിംഗ് ഹാളണ്ട്. മത്സരത്തില്‍ ഹോണ്ടുറാസിന്‍റെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതും നോർവേക്ക് നേട്ടമായി.
മത്സരത്തില്‍ ജയിച്ചെങ്കിലും ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായാണ് നോർവേ കളി അവസാനിപ്പിച്ചത്. ഗ്രൂപ്പിലെ മറ്റ് ഒരു മത്സരത്തില്‍ യുറുഗ്വായ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ഒമ്പത് പോയിന്‍റുമായി ഒന്നാം സ്ഥാനത്തെത്തി.