പനാജി: ദേശീയ വനിതാ ഫുട്‌ബോള്‍ ടീമിന്‍റെ പരിശീലന പരിപാടികള്‍ക്ക് ചൊവ്വാഴ്‌ച ഗോവയില്‍ തുടക്കമാകും. കൊവിഡ് -19 പശ്ചാത്തലത്തില്‍ എഐഎഫ്എഫ് ഏർപ്പെടുത്തിയ കർശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് നടുവിലാണ് പരിശീലക മെയ്മോൾ റോക്കിയുടെ നേതൃത്വത്തിൽ ക്യാമ്പ് നടക്കുക.
ഒൻപത് മാസത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ വനിതാ ഫുട്‌ബോള്‍ ടീം പരിശീലനം പുനരാരംഭിക്കുന്നത്. സമഗ്രമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്‌ഒപി) ടീം ഡോക്ടർ ഡോ. ഷെർവിൻ ഷെരീഫ് ക്യാമ്പ് തുടങ്ങുന്നതിനായി നിർദ്ദേശിച്ചിട്ടുണ്ട്. കൊവിഡിനിടെ പരിശീലനം പുനരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
2022 ലെ എഎഫ്‌സി ഏഷ്യൻ കപ്പ് ലക്ഷ്യമിട്ടാണ് ദേശീയ ടീമിന്‍റെ പരിശീലനം. ടീം അംഗങ്ങള്‍ ആവേശത്തിലാണെന്ന് കോച്ച് മെയ്‌മോള്‍ റോക്കി പറഞ്ഞു. ഇന്ത്യ വനിതാ ടീം വർഷങ്ങളായി എഎഫ്‌സി വനിതാ ഏഷ്യൻ കപ്പിന്‍റെ ഭാഗമാണ്. ഒളിമ്പിക് യോഗ്യതാ മത്സരങ്ങളില്‍ ഉള്‍പ്പെടെ ഇതിനകം മത്സരിച്ചു കഴിഞ്ഞു. പക്ഷേ എഎഫ്‌സി വിമൻസ് ഏഷ്യൻ കപ്പ് വ്യത്യസ്‌തമായ ടൂര്‍ണമെന്‍റാണെന്നും മെയ്‌മോള്‍ കൂട്ടിച്ചേര്‍ത്തു. വന്‍കരയിലെ പ്രമുഖര്‍ക്ക് എതിരെ ഒരു വര്‍ഷത്തില്‍ അധികം നീണ്ട തെയ്യാറെടുപ്പുകള്‍ക്ക് ശേഷം മികച്ച രീതിയില്‍ മത്സരിക്കാനാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു.