റിയാദ്: ലോകം കാല്‍പന്തിലേക്ക് ചുരുങ്ങുന്ന സൂപ്പര്‍ ക്ലാസിക്കോയില്‍ അർജന്‍റീനക്ക് ലയണല്‍ മെസിയുടെ ഗോളില്‍ വിജയം. സൗദി അറേബ്യയിലെ കിങ്‌സ് സൗദ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ബ്രസീലിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജന്‍റീനയുടെ ജയം. ഒന്നാം പകുതിയുടെ ആദ്യം 13-ാം മിനുട്ടിലാണ് ഇതിഹാസ താരം മെസി അർജന്‍റീനക്കായി ഗോളടിച്ചത്. മൂന്നു മാസത്തെ വിലക്ക് കഴിഞ്ഞ് ദേശീയ ടീമിലേക്കുള്ള മെസിയുടെ തിരിച്ചുവരവ് ഇതോടെ മികവുറ്റതായി മാറി.
പെനാല്‍ട്ടിയിലൂടെയായിരുന്നു മെസിയുടെ ഗോൾ. മെസിയെ അലെക്‌സ് സാന്‍ഡ്രോ ബോക്‌സിനുള്ളില്‍ വച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. മെസിയുടെ പെനല്‍റ്റി കിക്ക് ഗോളി അലിസണ്‍ ബ്ലോക്ക് ചെയ്തിട്ടെങ്കിലും റീബൗണ്ട് ചെയ്ത പന്ത് മെസി വലയ്ക്കുള്ളിലെത്തിച്ചു.
തുടക്കത്തില്‍ ലഭിച്ച സുവർണാവസരം ബ്രസീല്‍ പാഴാക്കിയത് ഫലത്തെ നിർണായകമായി ബാധിച്ചു. 12-ാം മിനിറ്റില്‍ റഫറി ബ്രസീലിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു. ബ്രസീലിന്‍റെ ഗബ്രിയേല്‍ ജെസ്യൂസിനെ പെരെഡസ് ബോക്‌സിനുള്ളില്‍ വച്ച് ടാക്കിള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു പെനാല്‍ട്ടി. എന്നാല്‍ ഗോളവസരം ജെസ്യൂസ് പാഴാക്കി. പന്ത് പോസ്‌റ്റിന് തൊട്ടരികിലൂടെ കടന്നുപോയി.
രണ്ടാം പകുതിയില്‍ അർജന്‍റീന ആക്രമണ ഫുട്‌ബോൾ പുറത്തെടുത്തെങ്കിലും ഗോള്‍കീപ്പര്‍ അലിസണിന്‍റെ സേവുകൾ മഞ്ഞപ്പടക്ക് തുണയായി. മറുഭാഗത്ത് ബ്രസീലിന്‍റെ മുന്നേറ്റങ്ങളൊന്നും തന്നെ അര്‍ജന്‍റീനക്കു ഭീഷണിയുയര്‍ത്തുന്നതായിരുന്നില്ല. മികച്ച പല നീക്കങ്ങളും അർജന്‍റീനയുടെ
ബോക്‌സിന് സമീപം അവസാനിച്ചു. മഞ്ഞപ്പടയുെട മുന്നേറ്റത്തില്‍ സൂപ്പർ താരം നെയ്മറിന്‍റെ അഭാംവം നിഴലിച്ച മത്സരമാണ് ഇന്ന് സൗദിയില്‍ നടന്നത്. പരിക്ക് കാരണമാണ് നെയ്മര്‍ക്ക് അവസരം നഷ്‌ട്ടമായത്.
ജയത്തോടെ കോപ്പ അമേരിക്കയുടെ സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ 0-2ന്‍റെ തോല്‍വിക്ക് അർജന്‍റീനന്‍ ആരാധകർക്ക് കണക്കുതീര്‍ക്കാനുമായി.