ബാഴ്‌സലോണ: സൂപ്പര്‍ ഫോര്‍വേഡ് ലയണല്‍ മെസിയുടെ ഇരട്ട ഗോളിന്‍റെ കരുത്തില്‍ സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ഗറ്റാഫെക്കെതിരെ രണ്ടിനെതിരെ അഞ്ച് ഗോളുകളുടെ ജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ജയത്തോടെ ലീഗിലെ കിരീടപോരാട്ടത്തില്‍ ബാഴ്‌സ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനും ടേബിള്‍ ടോപ്പറായ അത്‌ലറ്റിക്കോ മാഡ്രിഡിനും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. ലീഗില്‍ ഏഴ് മത്സരങ്ങള്‍ ശേഷിക്കുന്ന ബാഴ്‌സക്ക് 68ഉം റയലിന് 70ഉം അത്‌ലറ്റിക്കോ മാഡ്രിഡിന് 73ഉം പോയിന്‍റാണുള്ളത്. ഇത്തവണ കപ്പടിക്കാന്‍ മൂവര്‍ക്കും ശേഷിക്കുന്ന മത്സരങ്ങള്‍ നിര്‍ണായകമാണ്.
അതേസമയം യൂറോപ്യന്‍ സൂപ്പര്‍ ലീഗിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള ജേഴ്‌സിയണിഞ്ഞാണ് ഗെറ്റാഫെ ഇന്ന് കളത്തിലിറങ്ങിയത്.
നൗ കാമ്പില്‍ നടന്ന മത്സരത്തിലെ ആദ്യ പകുതിയിലാണ് മെസിയുടെ രണ്ട് ഗോളും പിറന്നത്. കിക്കോഫായി എട്ടാം മിനിട്ടില്‍ മെസി ആദ്യമായി ഗറ്റാഫെയുടെ വല കുലുക്കി. ബാസ്ക്വറ്റ്‌സിന്‍റെ ലോങ് പാസാണ് മെസി വലയിലെത്തിച്ചത്. പിന്നാലെ 33-ാം മിനിട്ടില്‍ പെഡ്രിയുടെ അസിസ്റ്റില്‍ നിന്നും മെസി രണ്ടാമതും വല കുലുക്കി. സീസണില്‍ ഇതിനകം 33 ഗോളുകളാണ് മെസിയുടെ ബൂട്ടില്‍ നിന്നും പിറന്നത്. ഇതില്‍ 25ഉം ലാലിഗയിലാണ്.
ആദ്യ പകുതിയില്‍ രണ്ട് ഓണ്‍ ഗോളുകള്‍ക്കും നൗ കാമ്പ് സാക്ഷിയായി. ബാഴ്‌സയുടെ ഫ്രഞ്ച് ഡിഫന്‍ഡര്‍ ക്ലെമന്‍റ് ലെങ്‌ലെറ്റും ഗറ്റാഫെയുടെ മൊറോക്കന്‍ ഡിഫന്‍ഡര്‍ സോഫിയന്‍ ചാക്ക്ലയുമാണ് ഓള്‍ ഗോള്‍ വഴങ്ങിയത്.
രണ്ടാം പകുതി അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ ബാഴ്‌സക്കായി പകരക്കാരനായി ഇറങ്ങിയ യുറുഗ്വന്‍ സെന്‍റര്‍ ബാക്ക് റൊണാള്‍ഡ് അറൗജോ വീണ്ടും ഗോള്‍ സ്വന്തമാക്കി. ബാഴ്‌സയുടെ അഞ്ചാമത്തെ ഗോള്‍ അധികസമയത്ത് പെനാല്‍ട്ടിയിലൂടെ ഗ്രീസ്‌മാന്‍റെ വകയായിരുന്നു.
ലീഗില്‍ ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ഗ്രാനഡ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഐബറിനെ പരാജയപ്പെടുത്തി. റയല്‍ സോസിഡാസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെല്‍റ്റാ വിഗോയെയും പരാജയപ്പെടുത്തി.