ബാഴ്‌സലോണ: പെപ് ഗാർഡിയോളക്കും ലൂയിസ് എൻട്രിക്കക്കും കീഴിൽ കളിക്കാന്‍ സാധിച്ചത് തന്‍റെ ഭാഗ്യമാണെന്ന് ബാഴ്‌സലോണയുടെ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാണ് ഗാർഡിയോള. ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച രണ്ട് കാലഘട്ടങ്ങളെ പ്രതിനിധീകരിച്ച പരിശീലകരാണ് ലൂയിസ് എന്‍ട്രിക്കയും പെപ്പ് ഗാര്‍ഡിയോളയും. ഇരുവരുടെയും കീഴില്‍ കളിക്കാന്‍ കഴിഞ്ഞതിലൂടെ മാനസികമായും ശാരീരികമായും മുന്നേറാന്‍ സാധിച്ചതായും പുതിയ തന്ത്രങ്ങളും പാഠങ്ങളും ഉള്‍ക്കൊള്ളാന്‍ സാധിച്ചതായും മെസി സ്‌പാനിഷ് മാധ്യമത്തോട് പറഞ്ഞു.
ഗാർഡിയോളക്കും എൻട്രിക്കക്കും കീഴില്‍ ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കി. ഇരുവരുടെയും കീഴില്‍ നൗ കാമ്പില്‍ മെസിക്ക് നിര്‍ണായക സ്ഥാനമുണ്ടായിരുന്നു. ലോക ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമിനെയാണ് ഗാര്‍ഡിയോള കളി പഠിപ്പിച്ചത്. സേവി, ആൻഡ്രെസ്, ഇനിയേസ്റ്റ എന്നിവരായിരുന്നു അന്ന് മെസിക്കൊപ്പമുണ്ടായിരുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ഈ ടീം 14 പ്രധാന കിരീടങ്ങൾ സ്വന്താക്കി. പിന്നാലെ എൻട്രിക്കക്കൊപ്പം നെയ്‌മര്‍, സുവാരിസ്, മെസി ത്രയവും രൂപപ്പെട്ടു. ഈ മുന്നേറ്റ നിരയുടെ കീഴില്‍ ബാഴ്‌സലോണ 2014-15 സീസണിൽ ലാ ലിഗ, കോപ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കി.
ഗാര്‍ഡിയോളക്കൊപ്പം വീണ്ടും കളിക്കണമെന്ന ആഗ്രഹം ഇതിനകം മെസി പ്രകടിപ്പിച്ചു കഴിഞ്ഞു. ബാഴ്‌സലോണ വിടാനാണ് നിലവില്‍ മെസി ആഗ്രഹം പ്രകടിപ്പിച്ചത്. പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ ഗാര്‍ഡിയോളക്കൊപ്പം ചേരാനും.