പാരിസ്: പിഎസ്‌ജി കുപ്പായത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അരങ്ങേറ്റം അടുത്തയാഴ്ചയുണ്ടാകുമെന്ന് കോച്ച് മൗറീസിയോ പോച്ചെറ്റിനോ. ഓഗസ്റ്റ് 30ന് റെയിംസിനെതിരേ നടക്കുന്ന മത്സരത്തില്‍ താരം അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് പോച്ചെറ്റിനോ പറയുന്നത്.
ഒരു സ്പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പോച്ചെറ്റിനോയുടെ പ്രതികരണം. കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ പോവുകയാണെങ്കില്‍ അടുത്ത ആഴ്ച നടക്കുന്ന മത്സരത്തിലെ പിഎസ്‌ജി സ്‌ക്വാഡില്‍ മെസിയുണ്ടാവുമെന്നാണ് പോച്ചെറ്റിനോ ഒരഭിമുഖത്തില്‍ വ്യക്തമാക്കിയത്.
അതേസമയം ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി മെസിക്ക് അര്‍ജന്‍റീനന്‍ ദേശീയ ടീമിനൊപ്പം ചേരേണ്ടി വന്നാല്‍ ക്ലബ്ബ് തടസം നില്‍ക്കില്ലെന്നും പോച്ചെറ്റിനോ പറഞ്ഞു. എന്നാല്‍ സെലക്ടര്‍മാരുമായി താന്‍ ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലബിനൊപ്പം മെസി നേരത്തെ തന്നെ പരിശീലനം ആരംഭിച്ചിരുന്നുവെങ്കിലും താരം മാനസികമായി തയ്യാറെടുത്ത ശേഷമാവും പിഎസ്‌ജിക്കായി കളത്തിലിറങ്ങുകയെന്ന് പോച്ചെറ്റിനോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.