ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഡോക്‌ടര്‍ക്ക് എതിരെ അന്വേഷണമെന്ന് അര്‍ജന്‍റീനന്‍ മാധ്യമങ്ങള്‍. ഡോക്‌ടറുടെ അനാസ്ഥ കാരണമാണ് മറഡോണക്ക് ജീവന്‍ നഷ്‌ടമായതെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്‌ടറുടെ ആശുപത്രിയില്‍ റെയ്‌ഡ് നടത്തിയ പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ അടക്കം അക്കാര്യം ഇതിനകം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
മറഡോണയുടെ മെഡിക്കൽ റെക്കോർഡുകൾ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനകം കണ്ടെടുത്തിട്ടുണ്ട്. ചികില്‍സാപ്പിഴവുണ്ടായെന്ന ആരോപണം നേരത്തെ മറഡോണയുടെ മക്കള്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം 25നാണ് മറഡോണ അന്തരിച്ചത്. മസ്‌തിഷ്‌കാഘാതത്തെ തുടര്‍ന്ന് നടന്ന ശസ്‌ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നതായ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമായിരുന്നു മരണ വാര്‍ത്ത. മയക്കുമരുന്നിന്‍റെയും മദ്യത്തിന്‍റെയും അമിതോപയോഗത്തെ തുടര്‍ന്ന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.
അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും അടക്കം രണ്ട് ഡസൻ പേർ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. പതിനായിരങ്ങളാണ് മറഡോണയെ അവസാനമായി ഒരു നോക്ക് കാണാന്‍ ബ്യൂണസ് ഐറിസിലേക്ക് ഒഴുകിയെത്തിയത്.