റിയോ ഡി ജനീറോ: ചതുർ രാഷ്‌ട്ര വനിത ഫുട്ബോൾ ടൂർണമെന്‍റിൽ കരുത്തരായ ബ്രസീലിനെതിരെ വലിയ തോൽവി വഴങ്ങിയെങ്കിലും ഇപ്പോൾ താരമായിരിക്കുന്നത് മനീഷ കല്യാണെന്ന ഇന്ത്യൻ താരമാണ്. ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനക്കാരായ ബ്രസീലിനെ എട്ടാം മിനിട്ടിൽ തന്നെ ഞെട്ടിച്ചുകൊണ്ടാണ് മനീഷ മനോഹരമായ ഗോൾ സ്വന്തമാക്കിയത്.
ഇപ്പോൾ ഇന്ത്യയുടെ സൂപ്പർ സ്റ്റാർ ആയി മാറിയിരിക്കുന്ന മനീഷക്ക് കേരളവുമായും ബന്ധമുണ്ട്. ഗോകുലം കേരള എഫ്‌സിയുടെ മിന്നും താരമാണ് പഞ്ചാബ് സ്വദേശിയായ ഈ 19കാരി. നേരത്തെ എഎഫ്‌സി വനിത ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവും മനീഷ സ്വന്തമാക്കിയിരുന്നു.
പഞ്ചാബിലെ ഹോഷിയര്‍പുരില്‍ ജനിച്ച മനീഷക്ക് ആദ്യം അത്ലറ്റ്ക്‌സിലായിരുന്നു താൽപര്യം. പിന്നീട് സ്കൂളിലെ പരിശീലകന്‍റെ നിർദേശത്തെ തുടർന്നായിരുന്നു ഫുട്ബോളിലേക്ക് ചുവടുമാറ്റിയത്. പിന്നാലെ 2018ൽ ഇന്ത്യയുടെ അണ്ടർ-17 ടീമിൽ ഇടം നേടി. മികച്ച പ്രകടനം തുടർന്നതോടെ അണ്ടർ 19 ടീമിലേക്കും മനീഷക്ക് വിളിയെത്തി.
ALSO READ: RR retain Sanju: സഞ്ജു റോയൽസിൽ തുടരും, 14 കോടിക്ക് നിലനിർത്തിയതായി റിപ്പോർട്ട്
എഎഫ്‌സി വനിത ചാമ്പ്യൻഷിപ്പ് യോഗ്യത മത്സരത്തിൽ പാകിസ്ഥാനെതിരെ മനീഷ ഹാട്രിക്ക് നേടി. പിന്നാലെ താരത്തിന് ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള ക്ഷണമെത്തി. 2019ൽ 17-ാം വയസിൽ ഹോങ്കോങ്ങിനെതിരെയായിരുന്നു മനീഷയുടെ ഇന്ത്യൻ ജേഴ്‌സിയിലെ അരങ്ങേറ്റം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ ഈ വർഷത്തെ എമർജിങ് പ്ലയർ പുരസ്കാരവും മനീഷയെ തേടിയെത്തിയിരുന്നു.