ലെസ്റ്റര്‍ സിറ്റി: കിങ് പവർ സ്റ്റേഡിയത്തില്‍ ലെസ്റ്ററിന്‍റെ കണ്ണീർ വീണു. പൊരുതി കളിച്ചെങ്കിലും ഭാഗ്യം മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം. ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കായി ലെസ്റ്റർ സിറ്റിയെ മരണപ്പോരില്‍ നേരിട്ടപ്പോൾ എതിരില്ലാത്ത രണ്ട് ഗോളിന്‍റെ ജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം. ഇതോടെ പ്രീമിയർ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനവും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഒലെ സോൾഷ്യറുടെ കുട്ടികൾ സ്വന്തമാക്കി. 71-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസും മത്സരത്തിന്‍റെ അവസാന മിനിട്ടില്‍ (90+8) ജെസെ ലിൻഗാർഡുമാണ് മാഞ്ചസ്റ്ററിന്‍റെ ഗോളുകൾ നേടിയത്.
ഇരു ടീമുകളും ഒപ്പത്തിനൊപ്പം മത്സരിച്ചപ്പോൾ മൂന്ന് കോർണറുകളാണ് ഇരുവരും നേടിയത്. 14 ഷോട്ടുകൾ ലെസ്റ്റർ തൊടുത്തപ്പോൾ മാഞ്ചസ്റ്റർ ഏഴെണ്ണം തൊടുത്തു. നേരത്തെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂളും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയിരുന്നു. ഇന്നത്തെ മത്സര ഫലത്തോടെ മാഞ്ചസ്റ്ററും നാലാം സ്ഥാനക്കാരായ ചെല്‍സിയും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. ചെല്‍സി ഇന്ന് നടന്ന മത്സരത്തില്‍ വോൾവ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്. മാസൻ മൗണ്ടും ഒലിവർ ജിറൗഡുമാണ് ചെല്‍സിയുടെ ഗോളുകൾ നേടിയത്.