ഇസ്താംബുൾ: യുവേഫ സൂപ്പർ കപ്പില്‍ ലിവർപൂൾ മുത്തമിടുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിലേക്കാണ് ഫ്രഞ്ചുകാരയായ സെറ്റെഫാനി ഫ്രപ്പാർട്ട് വിസിലടിച്ചത്. യുവേഫ പുരുഷ ഫൈനല്‍ നിയന്ത്രിച്ച ആദ്യ വനിതയായി സ്റ്റെഫാനി ഫ്രപ്പാർട്ട് മൈതാനത്ത് നിറഞ്ഞപ്പോൾ അത് ഫുട്ബോൾ ചരിത്രത്തിലേക്ക് കൂടിയാണ് ഓടിക്കയറിയത്. ഇറ്റലിയുടെ മാനുവേല നിക്കോലോസിയും അയർലണ്ടിന്‍റെ മിച്ചല്‍ ഒനിലും ഫ്രപ്പാർട്ടിനെ സഹായിക്കാനായി അസിസ്റ്റന്‍റ് റഫറമാരായി.
നിശ്ചിത സമയത്ത് സമനിലയും പിന്നീട് അധികസമയവും പിന്നിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോഴും സ്റ്റേഡിയം നിറഞ്ഞുനിന്ന ആരാധകരുടെ ആവേശം അതിരുവിടുമ്പോഴും അക്ഷോഭ്യരായി ഇവർ കളിക്കളം നിയന്ത്രിച്ചു. പുരുഷൻമാരെ പോലെ മികച്ചവരെന്ന് തെളിയിക്കാനുള്ള അവസരമാണെന്നാണ് സ്റ്റെഫാനി മത്സരത്തിന് മുൻപ് പറഞ്ഞത്. ഇരു ടീമുകളും അധികസമയത്തും 2-2ന് സമനിലയായതോടെയാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ വമ്പൻമാർ ഏറ്റുമുട്ടിയ യുവേഫ സൂപ്പർ കപ്പില്‍ 5-4നാണ് ലിവർപൂളിന്‍റെ വിജയം. ടാമി എബ്രഹാമിന്‍റെ കിക്ക് ലിവർപൂൾ ഗോളി അഡ്രിയാൻ തടഞ്ഞതോടെയാണ് ആവേശക്കളിയില്‍ കിരീടം ലിവർപൂളിന് സ്വന്തമായത്.